യുദ്ധം വർഷം മുഴുവൻ നീണ്ടേക്കാം; പട്ടാളത്തെ പിൻവലിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലെ യുദ്ധം വർഷം മുഴുവൻ തുടർന്നേക്കുമെന്ന സൂചന നല്കി ഇസ്രയേൽ. ദീർഘകാല പോരാട്ടം മുന്നിൽക്കണ്ട് സൈനികവിന്യാസം ക്രമീകരിക്കുമെന്ന് ഇസ്രേലി പ്രതിരോധവക്താവ് ഡാനിയൽ ഹാഗാരി പുതുവത്സരദിന അറിയിപ്പിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനു സൈനികർ ഉൾപ്പെടുന്ന അഞ്ചു ബ്രിഗേഡുകളെ വരുന്ന ആഴ്ചകളിൽ ഗാസയിൽനിന്നു പിൻവലിക്കും. ഇവർക്കു വിശ്രമവും പരിശീലനവും നല്കും. വർഷം മുഴുവൻ യുദ്ധം നീളാനുള്ള സാധ്യത കണക്കിലെടുത്താണിത്. അധികദൗത്യങ്ങളും സൈന്യത്തിനു നിർവഹിക്കേണ്ടിവരാമെന്ന് ഹാഗാരി വ്യക്തമാക്കി. പതിനൊന്നാഴ്ച പിന്നിടുന്ന ഗാസാ യുദ്ധത്തിൽ ഇസ്രയേൽ ഇത്രയധികം സൈനികരെ ഒരുമിച്ചു പിൻവലിക്കുന്നത് ആദ്യമാണ്. വരും ദിവസങ്ങളിൽ ഗാസയിലെ ചിലഭാഗങ്ങളിൽ ഇസ്രേലി സേന ഓപ്പറേഷൻ പരിമിതപ്പെടുത്തിയേക്കുമെന്നാണു സൂചന. വടക്കൻ ഗാസ ഏതാണ്ട് പൂർണമായി ഇസ്രേലി നിയന്ത്രണത്തിലായിക്കഴിഞ്ഞു.
യുദ്ധം അതിന്റെ മൂർധന്യത്തിലാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. വിജയത്തിനു സമയം വേണമെന്നും യുദ്ധം മാസങ്ങൾ നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ കനത്ത ബോംബാക്രമണം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച രാത്രി മാത്രം ഗാസാ സിറ്റിയിൽ 48 പേരാണു കൊല്ലപ്പെട്ടത്. ഒട്ടനവധിപ്പേർ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയതായി സംശയിക്കുന്നു. ഗാസാ സിറ്റിക്കു പടിഞ്ഞാറ് അൽ അഖ്സ യൂണിവേഴ്സിറ്റിയിൽ അഭയം തേടിയിരുന്നവർക്കു നേർക്കുണ്ടായ മറ്റൊരാക്രമണത്തിൽ 20 പേരും കൊല്ലപ്പെട്ടു. ഗാസയിലെ മൊത്തം മരണസംഖ്യ 21,8000 ആയി. 24 ലക്ഷം വരുന്ന ഗാസ ജസംഖ്യയിലെ 85 ശതമാനവും അഭയാർഥികളായെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. അതേസമയം, പലസ്തീനികൾ ഗാസയിൽനിന്നു പൊയ്ക്കൊള്ളണമെന്നും ഇസ്രേലികൾ ആ മരുഭൂമിയെ ഫലഭൂയിഷ്ഠമാക്കുമെന്നും ഇസ്രയേലിലെ തീവ്രനിലപാടുകാരനായ ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് പറഞ്ഞു.
Source link