INDIALATEST NEWS

ബഹിരാകാശത്ത് വിജയപ്പുതുവർഷം; എക്സ്പോസാറ്റ് ഭ്രമണപഥത്തിൽ

ചെന്നൈ ∙ ഐഎസ്ആർഒയുടെ പുതുവർഷ ദൗത്യം പിഎസ്എൽവി സി 58 എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ്) വിജയം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.10നാണ് ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നത്. 
എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളുൾപ്പെടെ പഠിക്കാനുള്ള രാജ്യത്തിന്റെ പ്രഥമ ദൗത്യമാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. 

വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റിന്റെ അവസാന ഭാഗം ഭൂമിയിൽനിന്ന് 350 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഭാവി പരീക്ഷണങ്ങൾക്ക് ഇത് ഉപയോഗിക്കാം. 

∙ എക്സ്പോസാറ്റ്

വികസിപ്പിച്ചത്: ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ 
ഭാരം: 469 കിലോഗ്രാം 

കാലാവധി: 5 വർഷം 
ഉപകരണങ്ങൾ: 

പോളിക്സ് (പോളാരിമീറ്റർ ഇൻസ്ട്രുമെന്റ് ഇൻ എക്സ്റേസ്) 
എക്സ്പെക്ട് (എക്സ്റേ സ്പെക്ട്രോസ്കോപി ആൻഡ് ടൈമിങ്) 

വീസാറ്റും വിജയം
തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ നിർമിച്ച ‘വീസാറ്റ്’ ഉപഗ്രഹവും ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തി. വനിതകളുടെയും വിദ്യാർഥികളുടെയും മേൽനോട്ടത്തിൽ നിർമിച്ച ഉപഗ്രഹമാണിത്. ഡോ.എം. ജയകുമാറാണ് മിഷൻ ഡയറക്ടർ. 

ആദിത്യ ശനിയാഴ്ച ലക്ഷ്യത്തിൽ
രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1 ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലെത്തുമെന്ന് (എൽ1) എസ്.സോമനാഥ് അറിയിച്ചു. പേടകത്തിലെ എല്ലാ ഉപകരണങ്ങളും (പേലോഡുകൾ) മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. 

English Summary:
ISRO PSLV-C58 Xposat mission successfully launched


Source link

Related Articles

Back to top button