കൂടുതൽ ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കും: കിം

പ്യോഗ്യാംഗ്: 2024ൽ ഉത്തരകൊറിയ മൂന്ന് ചാര ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കും. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ വർഷാവസാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണകൊറിയയുമായുള്ള ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുമെന്ന് കിം അറിയിച്ചു. കൊറിയകളുടെ ഏകീകരണമെന്ന സ്വപ്നം അസാധ്യമായിരിക്കുന്നു. ഉത്തരകൊറിയയെ ദക്ഷിണകൊറിയ ശത്രുവായിട്ടാണു കാണുന്നത്. ആണവപദ്ധതികളുമായി മുന്നോട്ടു പോകുകയല്ലാതെ മറ്റു വഴികളില്ല. ഉത്തരകൊറിയയിൽ അധിനിവേശത്തിനു ശത്രുരാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ കൊറിയൻ മേഖലയിൽ യുദ്ധത്തിനിടയാക്കാം. ദക്ഷിണകൊറിയ അമേരിക്കയുടെ അണ്വായുധപ്പുരയും സൈനികകേന്ദ്രവുമായി മാറി. ലോകമഹായുദ്ധം ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നുവെന്നും കിം പറഞ്ഞു.
കൊറിയകളുടെ ഏകീകരണം നടക്കില്ലെന്ന് കിം പറയുന്നത് ഇതാദ്യമാണ്. കിമ്മിന്റെ നയങ്ങളിൽ വലിയ മാറ്റമുണ്ടായതിന്റെ സൂചനയാണിതെന്നു പറയപ്പെടുന്നു. ഉത്തരകൊറിയയുടെ ആദ്യ ചാര ഉപഗ്രഹം നവംബറിലാണ് വിക്ഷേപിച്ചത്. റഷ്യയുടെ സഹായമാണ് വിക്ഷേപണത്തിന്റെ വിജയത്തിനു സഹായിച്ചതെന്ന് റിപ്പോർട്ടുണ്ട്. യുഎസിലെ വൈറ്റ്ഹൗസിന്റെയും സൈനിക മേഖലകളുടെയും ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയതായി ഉത്തരകൊറിയ അറിയിച്ചിരുന്നു.
Source link