ഇന്ത്യൻ വംശജരായ ദന്പതികളും മകളും അമേരിക്കയിലെ വീട്ടിൽ മരിച്ച നിലയിൽ

ബോസ്റ്റൺ: ഇന്ത്യൻ വംശജരായ ദന്പതികളെയും മകളെയും അമേരിക്കയിലെ ആഡംബര വസതിയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. രാകേഷ് കമാൽ (57), ഭാര്യ ടീന കമാൽ (54), മകൾ അരിയാന (18) എന്നിവരെയാണു മാസച്യുസെറ്റ്സ് സംസ്ഥാന തലസ്ഥാനമായ ബോസ്റ്റണിനടുത്ത് ഡോവർ ടൗണിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണു നിഗമനം. രാകേഷിന്റെ മൃതദേഹത്തിനു സമീപത്തുനിന്ന് തോക്ക് കണ്ടെടുത്ത ു. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയശേഷം രാകേഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ഡോവറിൽ ഇവർ താമസിച്ചിരുന്നത് 5.45 ദശലക്ഷം ഡോളറിനു വാങ്ങിയ ആഡംബരസൗധത്തിലാണ്. 11 ബെഡ് റൂമുകളും 13 ബാത്ത് റൂമുകളുമുള്ള ഈ വീടും തൊട്ടുചേർന്നുള്ള എസ്റ്റേറ്റും 2019ലാണ് രാകേഷ് വാങ്ങിയത്. വീടിനായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ പണം വായ്പ നൽകിയയാൾ ഇതു കൈവശപ്പെടുത്തുകയും മാസച്യുസെറ്റ്സിലെ വിൽസൺഡെയ്ൽ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മൂന്നു ദശലക്ഷം ഡോളറിന് വില്പന നടത്തിയതായും റിപ്പോർട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ കൺസൾട്ടൻസികളിൽ പ്രവർത്തിച്ചശേഷം 2016ൽ മാസച്യുസെറ്റ്സ് ആസ്ഥാനമായി എഡ്യുനൊവ എന്നപേരിൽ ദന്പതികൾ എഡ്യു ടെക് സ്ഥാപനം ആരംഭിച്ചു. ഇതു വൻ ലാഭത്തിലെത്തിയതോടെയാണ് 19,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വസതി വാങ്ങിയത്. ആദ്യകാലങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ സ്ഥാപനം എന്നാൽ പിന്നീട് നഷ്ടത്തിലാവുകയും 2021 ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിക്കുകയുമായിരുന്നു. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ടീന 2022ൽ അപേക്ഷ സമർപ്പിച്ചിരുന്നു. പത്തു ദശലക്ഷം ഡോളർ വരെ ബാധ്യതയുണ്ടെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, മതിയായ രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരാകരിച്ചതോടെ ദന്പതികൾ കടുത്ത പ്രതിസന്ധിയിലായി.
Source link