ഇസ്രയേലിനെതിരേ ലോകകോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക
ദ ഹേഗ്: ഇസ്രേലി സേന ഗാസയിൽ വംശഹത്യ നടത്തുകയാണെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) കേസ് കൊടുത്തു. ഇസ്രേലി സേന വിവേചനമില്ലാതെ നടത്തുന്ന സൈനിക നടപടികൾ മൂലം ഗാസയിലെ ജനങ്ങൾ അഭയാർഥികളാകുന്നതിലും ദുരിതം നേരിടുന്നതിലും വലിയ ഉത്കണ്ഠയുള്ളതായി ദക്ഷിണാഫ്രിക്കൻ സർക്കാർ വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവ ഗാസയിൽ അരങ്ങേറുന്നതായി റിപ്പോർട്ടുണ്ട്. പലസ്തീൻ ദേശീയതയെയും വംശീയതയെയും വലിയതോതിൽ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഇസ്രയേലിന്റെ നടപടികൾ വംശീയ ഉന്മൂലനത്തിന്റെ പരിധിയിൽ വരും. അടുത്തയാഴ്ച വിചാരണ നടത്തണമെന്നും ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികൾ വിലക്കുന്നതടക്കമുള്ള നടപടികൾക്കു തയാറാകണമെന്നും ലോകകോടതിയോടു ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.
ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇസ്രയേലിന്റെ നാശത്തിന് ആഹ്വാനം ചെയ്യുന്ന ഭീകരസംഘടനയുമായി ദക്ഷിണാഫ്രിക്ക സഹകരിക്കുകയാണെന്നും ഹമാസ് മനുഷ്യപ്പരിചകളായി ഉപയോഗിക്കുന്നതാണ് ഗാസയിലെ പലസ്തീനികളുടെ ദുരിതത്തിനു കാരണമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ലിയോർ ഹെയാത് പ്രതികരിച്ചു. ഗാസയിലെ സൈനിക നടപടിയെ നിശിതമായി വിമർശിക്കുന്ന ദക്ഷിണാഫ്രിക്ക നേരത്തേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും (ഐസിസി) ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു.
Source link