ബെയ്ജിംഗ്: ചൈനയിൽ പുതിയ പ്രതിരോധമന്ത്രിയെ നിയമിച്ചതിനു പിറ്റേന്ന് മുതിർന്ന ഒന്പതു സൈനിക ജനറൽമാരെ ദേശീയ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ (എൻപിസി) നിന്നു പുറത്താക്കി. മിസൈലുകളും അണ്വായുധങ്ങളിലെ ഒരു വിഭാഗവും കൈകാര്യം ചെയ്യുന്ന റോക്കറ്റ് ഫോഴ്സിലെ അഞ്ചു ജനറൽമാരും ഇതിൽ ഉൾപ്പെടുന്നു. എൻപിസിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയാണു തീരുമാനം പ്രഖ്യാപിച്ചത്. പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ടാണു നടപടിയെന്നു പറയുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം മുൻ നാവിക കമാൻഡർ ജനറൽ ഡോംഗ് ജുന്നിനെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മുൻ പ്രതിരോധമന്ത്രി ലി ഷാംഗ്ഫുവിനെ രണ്ടു മാസം മുന്പ് കാരണം വിശദീകരിക്കാതെ പുറത്താക്കുകയായിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ട ജനറൽമാരിൽ ചിലർക്ക് ലിയുമായി ബന്ധമുണ്ടെന്നു പറയുന്നു. 2996 അംഗ എൻപിസിയിൽ സൈന്യത്തിലെ ഉന്നതർക്കും പ്രാതിനിധ്യമുണ്ട്. അതേസമയം, 175 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയാണു പാർലമെന്റിന്റെ തീരുമാനങ്ങൾ എടുക്കുന്നത്.
Source link