കിതച്ച് കായിക കേരളം – 7 / തോമസ് വർഗീസ് ഒരുകാലത്ത് അന്തർസർവകലാശാല മീറ്റുകളിൽ മിന്നും താരങ്ങളായിരുന്ന മലയാളി താരങ്ങളുടെ ദയനീയ പ്രകടനത്തിനാണ് ഇക്കുറി ഭുവനേശ്വർ സാക്ഷ്യം വഹിച്ചത്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ വനിതാ പതിപ്പിൽ മെഡൽപട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് കേരളത്തിലെ രണ്ടു സർവകലാശാലകൾക്കു മാത്രം. മൂന്നു ദിനമായി നടത്തിയ മീറ്റിൽ ആദ്യ രണ്ടു ദിനങ്ങൾ കേരളത്തിൽനിന്നുള്ള ഒരു സർവകലാശാലയ്ക്കും ഒരു മെഡൽ പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന ദിനത്തെ പോരാട്ടമാണു രണ്ടു സർവകലാശാലകളെങ്കിലും മെഡൽനേട്ടം സ്വന്തമാക്കി മലയാളികളെ മാനക്കേടിൽനിന്നു രക്ഷിച്ചത്. അപ്പോഴും ഓർക്കുക; ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തി ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളിൽ സർവാധിപത്യം പുലർത്തിയിരുന്ന പഴയകാല പ്രതാപങ്ങൾ. കേരളത്തിന്റെ തന്നെ സർവകലാശാലകളിൽ പെരുമയുടെയും പഴമയുടെയും പകിട്ടുമായി നിലകൊള്ളുന്ന കേരള സർവകലാശാലയുടെ വനിതകൾ 1973 മുതൽ 1983 വരെ തുടർച്ചയായ 10 വർഷം ദേശീയ ചാന്പ്യന്മാരായിരുന്നു. എന്നാൽ, ഇക്കുറി ഭുവനേശ്വറിൽ എത്തിയപ്പോൾ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന ആത്മപരിശോധന നടത്തിയാൽ വനിതകളുടെ അത്ലറ്റിക്സിലെ പിന്നോട്ടുപോക്ക് വ്യക്തമാകും. സർവകലാശാല ആരംഭിച്ച ആദ്യ വർഷംതന്നെ അത്ലറ്റിക്സിൽ വനിതാ വിഭാഗത്തിൽ ചാന്പ്യൻപട്ടം സ്വന്തമാക്കാൻ കഴിഞ്ഞ എംജി സർവകലാശാലയും ഏറെ പിന്നോട്ടുപോയി. എന്നാൽ കേരളത്തിലെ മറ്റു സർവകലാശാലകളുമായി താരതമ്യം ചെയ്യുന്പോൾ ഭേദമെന്നു പറയാം. വനിതകളുടെ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 18 പോയിന്റുകളുമായി പട്ടികയിൽ ഒൻപതാം സ്ഥാനമാണ് ഇക്കുറി ലഭിച്ചത്. കേരളത്തിന് അല്പം ആശ്വാസം പകരുന്ന പ്രകടനം നടത്തിയത് കാലിക്കട്ട് സർവകലാശാലയാണ് 41 പോയിന്റുമായി ഓവറോൾ പോയിന്റിൽ മൂന്നാം സ്ഥാനത്തെത്തി. അപ്പോഴും ഓർമയിൽ വയ്ക്കേണ്ട ഒരു കാര്യമുണ്ട്. പതിറ്റാണ്ടുകളോളം ചാന്പ്യൻപട്ടത്തിന്റെ നെറുകയിൽ നിന്ന കാലിക്കട്ടിനാണ് ഈ പിന്നോട്ടുപോക്ക്. ഇതിനു മാറ്റം വന്നില്ലെങ്കിൽ നാളെയുടെ കായികകേരളത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധികളിലേക്കാവും നീങ്ങുകയെന്നുറപ്പ്. കായിക അസോസിയേഷൻ രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കാനുള്ള വേദിയാകരുത് ഒരു തൊഴിലുമില്ലാത്ത രാഷ്ട്രീയക്കാരെ കയറ്റിയിറക്കാനുള്ള ക്രേന്ദ്രമായി കായിക അസോസിയേഷനുകൾ മാറ്റുന്നത് കായികരംഗത്തെ പിന്നോട്ടടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ സ്ഥിതിക്കു മാറ്റമുണ്ടായില്ലെങ്കിൽ കായിക കേരളത്തിന്റെ ഭാവി ദയനീയമാകും. സ്പോർട്സിനെക്കുറിച്ച് ഒരു അറിവുമില്ലാത്തവരെയാണ് കായികരംഗത്ത് പലയിടത്തും നിയോഗിക്കുന്നത്. കായികമന്ത്രി ഉൾപ്പെടെ പലകാര്യങ്ങളിലും പുകമറ സൃഷ്ടിക്കുന്നു. കേരളത്തിൽ ടാലന്റ് ഉള്ള കുട്ടികള കണ്ടെത്താൻ മോട്ടറോള ടെസ്റ്റ് നടത്താനായി ലക്ഷങ്ങൾ മുടക്കി വാഹനം ഗുജറാത്തിൽ നിന്നു കൊണ്ടുവന്നു. എന്നാൽ ഈ വണ്ടി ഉപയോഗിച്ചുളള ടാലന്റ് ഹണ്ടിലൂടെ എത്ര കായികതാരങ്ങളെ കണ്ടെത്താൻ കഴിഞ്ഞു? ഇന്ന് ഈ വാഹനത്തിന്റെ അവസ്ഥയെന്താണ്? സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിനു പോലും പണം കണ്ടെത്തുന്നില്ല. കഷ്ടപ്പെട്ടു വളരുന്ന കുട്ടികളെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു മാറ്റമുണ്ടായെങ്കിൽ മാത്രമേ കായികകേരളത്തിന്റെ കിതപ്പ് മാറൂ.
പ്രമോദ് കുന്നുംപുറം ( സ്പോർട്സ് കോ-ഓർഡിനേറ്റർ) തൊഴിലിനുവേണ്ടി തല മുണ്ഡനംചെയ്യേണ്ട അവസ്ഥ മാറിയേ പറ്റൂ വർഷങ്ങളോളം കായികരംഗത്ത് നാടിനുവേണ്ടി മെഡൽനേട്ടം സ്വന്തമാക്കിയ താരങ്ങൾ തങ്ങൾക്ക് അർഹമായ സ്പോർട്സ് ക്വാട്ടാ ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി മറ്റ് ഏതു നാട്ടിലാവും ഉണ്ടാവുക? ഈ സ്ഥിതിക്കു മാറ്റം ഉണ്ടായേ മതിയാവൂ. കേരളത്തിനായി ദേശീയ ഗെയിംസിൽ മെഡൽ നേട്ടം സ്വന്തമാക്കിയപ്പോൾ ഏറെ അഭിമാനം തോന്നിയിരുന്നു. എന്റെ നാട്ടിൽ ജോലിചെയ്ത് വയനാട്ടിലെ കുട്ടികൾക്കു പരിശീലനം നല്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അതിനുള്ള അവസരം ലഭിച്ചില്ല. ഇപ്പോൾ ബംഗളൂരുവിൽ കുട്ടികൾക്കു പരിശീലനം നല്കുന്പോഴും കേരളത്തിലെ അധികാരികളോടു പറയാനുള്ളത് – മനോഭാവത്തിൽ മാറ്റം വരണം. പ്രഖ്യാപനം മാത്രം പോരാ, പ്രവൃത്തിയും ആവശ്യമാണ്. ഒ.പി. ജെയ്ഷ (ഒളിന്പ്യനും അത്ലറ്റും പരിശീലകയും) വേണ്ടത് അടിസ്ഥാന സൗകര്യം കായികമേഖലയിൽ അനുതിനം വൻ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പരിശീലനമാണു വിദേശ രാജ്യങ്ങളിൽ നടക്കുന്നത്. നമ്മുടെ അയൽസംസ്ഥാനങ്ങളിൽ പോലും സ്വകാര്യ അക്കാഡമികളിൽ ഉൾപ്പെടെ ഓരോ താരത്തിനും ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. അവിടെയാണ് നമ്മൾ മലയാളികൾ ശ്രദ്ധിക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മെല്ലെപ്പോക്ക് തുടർന്നാൽ അത് കായികതാരങ്ങളുടെ പ്രകടനത്തെത്തന്നെ ബാധിക്കും. മികച്ച സിന്തറ്റിക് ട്രാക്ക് കേരളത്തിൽ എത്ര സ്ഥലങ്ങളിൽ ഉണ്ടെന്നു പരിശോധന നടത്തിയാൽത്തന്നെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടും. ഏഷ്യൻ തലത്തിൽ മെഡൽനേട്ടം സ്വന്തമാക്കാൻ കഴിയുമെന്നു ബോധ്യമുള്ളവരെ കൂടുതൽ ശ്രദ്ധിച്ച് അവർക്ക് മികവാർന്ന പരിശീലനം നല്കണം. ഒപ്പം, കായികതാരങ്ങളും പോരാട്ടവീര്യത്തിനായി മനസും ശരീരവും സജ്ജമാക്കണം. എങ്കിൽ മാത്രമേ നമുക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുള്ളൂ. ടി.പി. ഔസേപ്പ് (അത്ലറ്റിക് കോച്ച് ) (അവസാനിച്ചു )
Source link