അയോധ്യ ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കി. മോദിയെ വരവേൽക്കാൻ നഗരത്തിലെങ്ങും പൂക്കളും വർണചിത്രങ്ങളും നിരന്നു. 2 ദിവസമായി നഗരത്തിലുണ്ടായ കനത്ത മൂടൽമഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയതെന്ന് അയോധ്യ ഡിവിഷനൽ മജിസ്ട്രേട്ട് ഗൗരവ് ദയാൽ പറഞ്ഞു.
ഇന്നു രാവിലെ 10.45 ന് എത്തുന്ന പ്രധാനമന്ത്രി 11.15 ന് പുതുക്കിയ റെയിൽവേ സ്റ്റേഷനും 12.15 ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും. നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണു പുതിയ വിമാനത്താവളം. 2 പുതിയ അമൃത് ഭാരത്, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും. നവീകരിച്ച 4 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഇതിനുശേഷം നടക്കുന്ന റാലിയിൽ ഒന്നരലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നു കണക്കാക്കുന്നു. വിമാനത്താവളം മുതൽ റെയിൽവേ സ്റ്റേഷൻ വരെ മോദി റോഡ്ഷോ നടത്തുന്നുണ്ട്. അയോധ്യാ നഗരത്തിലേക്ക് 11,100 കോടിയുടെയും യുപിയുടെ മറ്റു ഭാഗങ്ങളിലേക്ക് 4,600 കോടിയുടെയും പദ്ധതികളും ഇന്നു പ്രഖ്യാപിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായാണ് മോദിയുടെ സന്ദർശനം. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
രാമവിഗ്രഹത്തിന് 51 ഇഞ്ച് ഉയരം
ന്യൂഡൽഹി ∙ അയോധ്യയിൽ 22ന് പ്രതിഷ്ഠിക്കുക 51 ഇഞ്ച് വലിപ്പമുള്ള രാമ വിഗ്രഹമായിരിക്കും. ലഭിച്ച 3 മാതൃകകളിൽ നിന്ന് 5 വയസ്സുകാരനായ ശ്രീരാമന്റെ (രാം ലല്ല) ഏറ്റവും നിഷ്കളങ്കമായ മുഖമുള്ള വിഗ്രഹം തിരഞ്ഞെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഇന്നലെ ഇതു തിരഞ്ഞെടുക്കാനുള്ള വോട്ടിങ് നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇന്നു പ്രധാനമന്ത്രി വരുന്നതിന്റെ ഒരുക്കങ്ങളുള്ളതിനാൽ യോഗം ചേർന്നില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
English Summary:
Narendra Modi in Ayodhya today
Source link