INDIALATEST NEWS

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്ന് കോൺഗ്രസ്


ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ‘ഉചിതമായ സമയത്ത് തീരുമാനം എടുക്കും, അക്കാര്യം ഉചിതമായ സമയത്തു വ്യക്തമാക്കും’– എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് എഐസിസി നിർദേശിച്ചിട്ടുണ്ടെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
സോണിയയെ കൂടാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പാർട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക ക്ഷണമുള്ളത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീർഥ ട്രസ്റ്റ് ഇവരെ നേരിൽ സന്ദർശിച്ചു ക്ഷണിച്ചിരുന്നു.
ചടങ്ങിലേക്കു ക്ഷണം കിട്ടാത്ത ആളുകളാണ് ഇപ്പോൾ അഭിപ്രായം പറയുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന രാമക്ഷേത്ര വിഷയം പ്രധാനമല്ലെന്ന സാം പിത്രോദയുടെ അഭിപ്രായത്തെ ജയറാം രമേശ് തള്ളി. അദ്ദേഹം വ്യക്തിപരമായി നടത്തുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റേതാകില്ലെന്ന് ജയറാം രമേശ് പറഞ്ഞു. 

ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുമെന്ന നിലപാടിലാണ് സമാജ്‍വാദി പാർട്ടി, ശിവസേന എന്നീ പാർട്ടികൾ.
കോൺഗ്രസിന് തീരുമാനിക്കാം; സമ്മർദം ചെലുത്താനില്ലെന്ന് ലീഗ്
മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ സമ്മർദത്തിലാക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതിയിൽ ഭൂരിപക്ഷാഭിപ്രായം. വിഷയം ഇരുതല മൂർച്ചയുള്ള വാളാണെന്നും പ്രതികരണങ്ങൾ കരുതലോടെ മതിയെന്നും യോഗത്തിൽ ധാരണയായി. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാമക്ഷേത്ര പ്രതിഷ്ഠ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് യോഗത്തിനു ശേഷം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിനുള്ള ക്ഷണം സ്വീകരിക്കണോയെന്ന് കോൺഗ്രസിന് തീരുമാനിക്കാമെന്നും ലീഗ് അഭിപ്രായം പറയുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മതനിരപേക്ഷ കക്ഷികൾ ബിജെപിയുടെ തന്ത്രം തിരിച്ചറിഞ്ഞ് തീരുമാനമെടുക്കണമെന്ന വ്യക്തമായ സൂചനയും ലീഗ് നേതാക്കൾ നൽകി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്ന ചോദ്യം രാഷ്ട്രീയ വിവാദമായി ഉയർന്നതോടെയാണ് രാഷ്ട്രീയകാര്യസമിതി അടിയന്തരമായി വിളിച്ചുചേർത്തത്. പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചതിലൂടെ ബിജെപി കോൺഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
മൃദുഹിന്ദുത്വ നിലപാട് കോൺഗ്രസ് ഉപേക്ഷിക്കണം: ഗോവിന്ദൻ

തിരുവനന്തപുരം ∙ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചു കൊണ്ട് തീവ്രഹിന്ദുത്വ അജൻഡയെ പ്രതിരോധിക്കാൻ കോൺഗ്രസിനു കഴിയില്ലെന്നും, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
അയോധ്യയിൽ നടപ്പാക്കുന്നത് സംഘപരിവാർ അജൻഡയാണ്. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണു ചെയ്യുന്നത്. പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയ ഉടൻ സിപിഎം ജനറൽ സെക്രട്ടറി അതു നിരസിച്ചു. മതനിരപേക്ഷത പറയുന്ന കോൺഗ്രസിന് എന്തു കൊണ്ട് നിലപാടിൽ ഉറച്ചു നിൽക്കാനാകുന്നില്ല? – ഗോവിന്ദൻ ചോദിച്ചു. 
അയോധ്യ: നിലപാട് വേഗം വേണമെന്നു പറഞ്ഞാൽ  നടക്കില്ലെന്ന് കെ.സി വേണുഗോപാൽ

തിരുവല്ല ∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിലപാട് ഇന്നു പറയണം, നാളെ പറയണം എന്നു പറഞ്ഞാൽ നടക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത് വ്യക്തിപരമായ ക്ഷണമാണ്. രാമക്ഷേത്രമെന്നു പറഞ്ഞ് കോൺഗ്രസിനെ വെട്ടിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പങ്കെടുക്കണോ എന്നത് അവർ തീരുമാനിക്കട്ടെയെന്നു യച്ചൂരി
കണ്ണൂർ ∙ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ‘അത് ആ പാർട്ടി തീരുമാനിക്കേണ്ടതാണ്. ‘ഇന്ത്യ’ മുന്നണിയിലാരും അഭിപ്രായങ്ങൾ പരസ്പരം അടിച്ചേൽപിക്കാറില്ല. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനു പിറകിൽ ബിജെപിയുടെ രാഷ്ട്രീയ അജൻഡ വ്യക്തമാണ്. -സീതാറാം യച്ചൂരി പറഞ്ഞു.

വിട്ടുനിൽക്കുന്നവർ പ്രത്യാഘാതം നേരിടും: കെ.സുരേന്ദ്രൻ
തൃശൂർ ∙ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽനിന്നു വിട്ടുനിൽക്കുന്നവർ അതിന്റെ പ്രത്യാഘാതം നേരിടുമെന്നും  ഭൂരിപക്ഷത്തിന്റെ ആത്മാഭിമാനത്തെ നിരന്തരം മുറിവേൽപ്പിക്കുന്നവർക്കു ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഷയത്തിൽ മുസ്‌ലിം സമുദായം സൗഹാർദപരമായ നിലപാടാണു സ്വീകരിച്ചത്.


Source link

Related Articles

Back to top button