ചെന്നൈ ∙അലയൊഴിയാത്ത സാഗരമായി അലയടിച്ച ആരാധകരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ഏറ്റുവാങ്ങി തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന് നിത്യവിശ്രമം. ചന്ദനപ്പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹം ഡിഎംഡികെ പാർട്ടി ആസ്ഥാനത്തൊരുക്കിയ പ്രത്യേക കല്ലറയിൽ, പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. പാർട്ടി ആസ്ഥാനത്ത് ഒരു രാത്രി സൂക്ഷിച്ച മൃതദേഹം രാവിലെ ചെന്നൈയിലെ ഐലൻഡ് മൈതാനത്തു പൊതുദർശനത്തിനു വച്ചു. കർണാടക, ആന്ധ്ര, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണക്കാരും സ്ത്രീകളും മണിക്കൂറുകൾ വെയിലേറ്റു ക്യു നിന്നാണ് ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കണ്ടത്.
കേന്ദ്ര മന്ത്രി നിർമല സീതാരാമൻ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, നടൻമാരായ രജനീകാന്ത്, കമൽഹാസൻ, സംഗീതസംവിധായകൻ ദേവ, മകൻ ശ്രീകാന്ത് ദേവ, നടൻ ഭാഗ്യരാജ്, മകൻ ശന്തനു, സീമാൻ, സുന്ദർ.സി, ഖുശ്ബു, നടന്മാരായ രാധാരവി, വാഗൈ ചന്ദ്രശേഖർ, നടൻ രമേഷ് ഖന്ന തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. ആരാധക പ്രവാഹം നിയന്ത്രിക്കാൻ പലപ്പോഴും പൊലീസിനു ലാത്തി വീശേണ്ടി വന്നു. ഉച്ചയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന വിലാപയാത്ര വൈകിട്ട് 4 ന് ആണു തുടങ്ങിയത്. വഴിയോരത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞതോടെ മൃതദേഹം വഹിച്ച വാഹനം പലയിടത്തും നിശ്ചലമായി.
200 പേർക്കു മാത്രമാണ് സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനായത്. പൊതുജനങ്ങൾക്കു കാണാനായി പുറത്ത് കൂറ്റൻ വിഡിയോ സ്ക്രീൻ ഒരുക്കിയിരുന്നു. മൃതദേഹം കിടത്തിയ പെട്ടിയിൽ പുരട്ചി കലൈജ്ഞർ (വിപ്ലവ കലാകാരൻ) ക്യാപ്റ്റൻ വിജയകാന്ത്, ഡിഎംഡികെ സ്ഥാപകൻ’ എന്നെഴുതിയിരുന്നു.
English Summary:
Farewell to Vijayakanth
Source link