തലസ്ഥാനത്തുണ്ടോ നല്ലൊരു ട്രാക്ക്
കിതച്ച് കായിക കേരളം – 6/ തോമസ് വർഗീസ് കായിക അടിസ്ഥാന മേഖലയുടെ വികസനത്തിനായി വാരിക്കോരി പദ്ധതികൾ നടപ്പാക്കുന്നുവെന്നു പ്രഖ്യാപിക്കുന്ന അധികാരികൾ തലസ്ഥാന നഗരയിൽ ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകും. തിരുവനന്തപുരം പട്ടണത്തിനുള്ളിൽ കായിക പരിശീലനത്തിനായി മൂന്നു സ്റ്റേഡിയങ്ങളാണ് പ്രധാനമായുമുള്ളത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരൻനായർ പോലീസ് സ്റ്റേഡിയം. ഒരു അത്ലറ്റിക് മീറ്റ് കൃത്യമായി നടത്താൻ ഈ സ്റ്റേഡിയങ്ങളിൽ ഇപ്പോൾ കഴിയില്ല. ഏറ്റവും പഴക്കവും പ്രചാരവുമുള്ള സെൻട്രൽ സ്റ്റേഡിയത്തിലേക്കു കയറിച്ചെന്നാൽ വരവേൽക്കുക അതിദയനീയാവസ്ഥയാണ്. പേരിനുമാത്രമാണ് ഇത് ഒരു കായിക സ്റ്റേഡിയമാകുന്നത്. 2001ൽ സെൻട്രൽ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. എന്നാൽ, ഇപ്പോൾ നെൽകൃഷിക്കുള്ള പരുവത്തിൽ കാളപൂട്ടിയിട്ടിരിക്കുന്ന പോലെയാണ് സ്ഥിതി. സിന്തറ്റിക് ട്രാക്ക് നിർമിക്കുമെന്നു പ്രഖ്യാപനം കഴിഞ്ഞ് 22 വർഷങ്ങൾക്കു ശേഷം സിന്തറ്റിക് ട്രാക്ക് എത്തിയിട്ടില്ല എന്നതുമാത്രമല്ല ഉണ്ടായിരുന്ന ട്രാക്ക് നശിപ്പിക്കുയും ചെയ്തു. സർക്കാരിന്റെ എല്ലാ ആഘോഷങ്ങൾക്കും വേദിയാക്കി സെൻട്രൽ സ്റ്റേഡിയത്തെ മാറ്റി. ട്രാക്ക് കുത്തിപ്പൊളിക്കൽ നിത്യസംഭവമായി. വൻ ആഘോഷത്തോടെ നടത്തിയ കേരളീയം പദ്ധതിയുടെ വേദിയായതോടെ ഇപ്പോൾ ഈ ഗ്രൗണ്ടിൽ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. 400 മീറ്ററിന്റെ ട്രാക്ക് ആണ് ഉണ്ടായിരുന്നത്. പന്തലിന് കാൽ നാട്ടാനായി കുഴികൾ എടുത്തതുമൂലം ട്രാക്കിൽ പൂർണമായും കല്ലും മണ്ണും നിറഞ്ഞു കിടക്കുകയാണ്. സർക്കാരിന്റെ ആഘോഷപരിപാടിയായ കേരളീയത്തിന്റെ ഭാഗമായി ക്രിക്കറ്റിന്റെ നെറ്റ്സ് അഴിച്ചുമാറ്റി. ഇതോടെ ക്രിക്കറ്റ് പരിശീലനവും നിലച്ചു. മികച്ച ഒരു ബാസ്കറ്റ്ബോൾ കോർട്ട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പകുതിയിലേറെ ദിവസവും ഇവിടെ പരിശീലനത്തേക്കാൾ പൊതുപരിപാടികൾക്ക് വിട്ടുനല്കുന്ന സ്ഥിതിയെന്നത് മറ്റൊന്ന്. ഇതോടെ സെന്ട്രൽ സ്റ്റേഡിയം കായികതാരങ്ങൾക്ക് അപ്രാപ്യമായി മാറി
ഇതോ സ്റ്റേഡിയം…? കായികകേരളത്തിന്റെ പ്രൗഢി ദേശീയതലത്തിൽ തന്നെ എത്തിച്ചതാണ് കേരള സർവകലാശാല. സർവകലാശാലയുടെ അധീനതയിലാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയം. 2015ൽ കേരളം ആതിഥേയത്വം വഹിച്ച നാഷ്ണൽ ഗെയിംസിലെ അത്ലറ്റിക് മത്സരങ്ങൾ നടത്തിയ വേദി. ഇതൊക്കെ പഴയകാല ചരിത്രം. ദിവസങ്ങൾക്കു മുന്പ് കേരള സർവകലാശാലാ അത്ലറ്റിക് മത്സരം നടത്താൻ ഈ സ്റ്റേഡിയത്തെ ഉപയോഗിക്കാൻ കഴിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്തറ്റിക് ട്രാക്ക് പൂർണമായും പൊട്ടിപ്പൊളിഞ്ഞു. ഇതുമൂലം ഇവിടെ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ മത്സരം നടത്താനായി മറ്റൊരു വേദി കണ്ടുപിടിക്കേണ്ട സാഹചര്യമാണ് സംഘാടകർക്ക് ഉണ്ടായത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കായിക ഉപകരണങ്ങൾ ഇല്ലാത്ത സാഹചര്യമാണ്. ഒരു മീറ്റ് സംഘടിപ്പിക്കണമെങ്കിൽ പ്രതിദിനം നല്കേണ്ടത് 16,000 രൂപയും! പോലീസ് സ്റ്റേഡിയത്തിനു 10,000 സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള പാളയം ചന്ദ്രശേഖരൻനായർ പോലീസ് സ്റ്റേഡിയത്തിന് ഒരു ദിവസം നല്കേണ്ട വാടക 10,000 രൂപ. സാധാരണക്കാർക്ക് ഒരു മീറ്റ് നടത്താൻ ഒരിക്കലും പ്രാപ്യമല്ലാത്ത തുകയാണിത്. ഷോട്ട്പുട്ട് ഉൾപ്പെടെയുള്ള ത്രോ ഇനങ്ങൾ ഇവിടെ നടത്താനും കഴിയില്ല. നാലു ദിവസത്തെ മീറ്റ് നടത്തണമെങ്കിൽ സ്റ്റേഡിയത്തിന് വാടക ഇനത്തിൽ തന്നെ 40,000 രൂപയാണ് വേണ്ടിവരുന്നത്. അത്ലറ്റിക്സ് മത്സരങ്ങൾ നടത്താനുള്ള അനുബന്ധ ഉപകരണങ്ങൾ ഒന്നും ഇവിടെയില്ലെന്നതും വാസ്തവം. തലസ്ഥാനത്ത് നിലവിൽ ഒരു സംസ്ഥാന മീറ്റ് പോലും പൂർണമായ രീതിയിൽ നടത്താൻ സൗകര്യമില്ലെന്നതാണ് വസ്തുത. ഇതുമൂലം അത്ലറ്റിക് അസോസിയേഷന്റെ ഉൾപ്പെടെയുള്ള സംസ്ഥാന തല മത്സരങ്ങൾക്കായി ആകെ ആശ്രയം കോഴിക്കോട് തേഞ്ഞിപ്പലം സ്റ്റേഡിയം മാത്രമാണ്. (തുടരും)
Source link