യുക്രെയ്നിലുടനീളം റഷ്യൻ മിസൈൽ ആക്രമണം; 28 മരണം
കീവ്: യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു. രണ്ടു കുട്ടികളടക്കം നൂറോളം പേർക്കു പരിക്കേറ്റു. യുക്രെയ്നെതിരേ റഷ്യൻ സേന നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ 122 മിസൈലുകളും 36 ഡ്രോണുകളുമാണ് തൊടുത്തത്. 2022 നവംബറിൽ 96 മിസൈലുകൾ പ്രയോഗിച്ചതാണ് ഇതിനു മുന്‍പത്തെ വലിയ ആക്രമണം. തലസ്ഥാനമായ കീവ്, പടിഞ്ഞാറ് ലുവീവ് നഗരം, തെക്ക് ഒഡേസ, സാപ്പോറിഷ്യ നഗരങ്ങൾ, കിഴക്ക് നിപ്രോ, ഖാർക്കീവ് പ്രദേശങ്ങളിൽ ആക്രമണമുണ്ടായി. റഷ്യൻ ആവനാഴിയിലെ ക്രൂസ്, ബാലിസ്റ്റിക്, ഹൈപ്പർ സോണിക് അടക്കം എല്ലാവിധ മിസൈലുകളും യുക്രെയ്നെതിരേ തൊടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രിയിലെ പ്രസവ വാർഡ്, പാർപ്പിടങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ലുവീവിൽ സ്കൂളും നഴ്സറിയും ആക്രമിക്കപ്പെട്ടു. ഇതിനിടെ റഷ്യ വിക്ഷേപിച്ച മിസൈലുകളിൽ ഒന്ന് തങ്ങളുടെ ആകാശത്തു പ്രവേശിച്ചതായി പോളണ്ട് ആരോപിച്ചു. ഏതാനും ദിവസം മുന്‍പ് യുക്രെയ്ൻ വ്യോമസേന മിസൈൽ പ്രയോഗിച്ച് അധിനിവേശ ക്രിമിയയിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ യുദ്ധപ്പക്കപ്പൽ മുക്കിയിരുന്നു. അതേസമയം കപ്പലിനു നാശമുണ്ടായെന്നേ റഷ്യ സമ്മതിച്ചിട്ടുള്ളൂ.
Source link