കണ്ണനു സമർപ്പിച്ച പൊന്നിൻ കിരീടം, ചോദിക്കുന്നതെല്ലാം നൽകുന്ന സിദ്ധിവിനായകൻ; 2023ലെ 10 വാർത്തകൾ


ജനസഹസ്രങ്ങളുടെ വിശ്വാസങ്ങളും അദ്ഭുതരമായ അനുഭവങ്ങളും സമ്പന്നമാക്കുന്ന ക്ഷേത്രങ്ങൾ, മലനട ദുര്യോധന ക്ഷേത്രത്തിലെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന, കാശിയിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ബിന്ദു മാധവ ക്ഷേത്രം, അറുപത്തിയെട്ടു വർഷം തുടർച്ചയായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞ ഗംഗാധരൻ പിള്ള, അഷ്ടമിരോഹിണി നാളിൽ കണ്ണനു സമർപ്പിച്ച പൊന്നിൻ കിരീടം തുടങ്ങി വിശ്വാസികൾ ശ്രദ്ധിച്ച ഒട്ടേറെ വാർത്തകളുമായാണ് 2023 കടന്നുപോകുന്നത്. മനോരമ ഓൺലൈൻ ജ്യോതിഷ വിഭാഗത്തിൽ ശ്രദ്ധിക്കപ്പെട്ട 10 വാർത്തകൾ

Image Credit: Mr. Sarras/ Shutterstock

1.ചോദിക്കുന്നതെല്ലാം നൽകും ‘സിദ്ധിവിനായകൻ’ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ജനസഹസ്രങ്ങളുടെ വിശ്വാസങ്ങളും അദ്ഭുതരമായ അനുഭവങ്ങളുമാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഭക്തൻ ആത്മാർഥമായ മനസ്സോടെ പ്രാർഥിച്ചാൽ അവന്റെ ആഗ്രഹം നിറവേറ്റുമെന്നതിനാലാണ് സിദ്ധിവിനായകൻ എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിലെ ഒരു ചെറിയ മണ്ഡപത്തിലാണ് ഗണപതിയുടെ സിദ്ധിവിനായക രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. വിനായകവിഗ്രത്തിന്റെ തുമ്പിക്കൈ വലതുവശത്തേക്ക് വളഞ്ഞിരിക്കുന്നു എന്ന പ്രത്യേകതയും ഈ വിഗ്രഹത്തിനുണ്ട്. ചതുർഭുജനായ മഹാഗണപതിയാണ്. മുകളിലെ വലതുകൈയിൽ താമരയും ഇടതുകൈയിൽ മഴുവും താഴെ വലതുകൈയിൽ മുത്തുമാലയും ഇടതുകയ്യിൽ ഒരു പാത്രം നിറയെ ഇഷ്ടവിഭവമായ മോദകവുമാണ്. നെറ്റിയിൽ മഹാദേവന്റെ മൂന്നാംക്കണ്ണിനെ ഓർമിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടി സിദ്ധിവിനായകനുണ്ട്. കഴുത്തിൽ മാലയ്ക്കു പകരം പാമ്പാണ്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂർണരൂപം വായിക്കാം……
12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന

ദക്ഷിണ ഭാരതത്തിലെ ദുര്യോധന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്തതും ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് ജാതിമതഭേദമന്യേ സമസ്ത വിശ്വാസികൾക്കും ആരാധന നടത്തുവാൻ സ്വാതന്ത്ര്യമുള്ളതുമാണ്. മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനട നിവാസികൾ നികുതിയൊടുക്കിയിരുന്നത്. മലനട ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ദേശാധിദേവനായ ആരാധനാമൂർത്തിയ്ക്കുണ്ടാകുന്ന ചൈതന്യക്ഷയമകറ്റി ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശൈവശക്തിയുടെ ശ്രേഷ്ഠഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകര്‍മങ്ങളാണ് പള്ളിപ്പാന. പൂർണരൂപം വായിക്കാം……
3.അതിപുരാതനം ബിന്ദു മാധവ ക്ഷേത്രം

Image Courtesy: Shiva

മഹാദേവന്റെയും മാധവന്റെയും തുല്യ പ്രാധാന്യമുള്ള സ്ഥലമായി കാശിയെ വർണിക്കുന്നു. കാശി സപ്ത മോക്ഷപുരികളിൽ ഒന്നാണ്. ഇവിടുത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം. കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു മാധവ ക്ഷേത്രത്തിലും സന്ദർശിച്ചാൽ മാത്രമേ കാശി യാത്ര പൂർണമാവുകയുള്ളൂ. കാശി നിലനിൽക്കുന്ന കാലം ഇവിടെ ശിവനും മാധവനും ഉണ്ടാകുമെന്നാണ് വിശ്വാസം. പൂർണരൂപം വായിക്കാം……

4.വഴിമുടക്കാതെ വന്യമൃഗങ്ങൾ, കൂട്ടുവരുന്ന കൃഷ്ണപ്പരുന്ത്; എന്നും ഒപ്പമുണ്ട് അയ്യനയ്യപ്പൻ

പുലിപ്പാലു തേടി കാട്ടിൽപോയ രാജകുമാരന്റെ കഥ കേട്ടു വളർന്ന ബാല്യം, അധർമികളെ അമർച്ച ചെയ്ത വീരബാലനെ ആരാധിച്ച കൗമാരം, പ്രണയം ചോദിച്ച പെൺകുട്ടിയോട് കന്നി അയ്യപ്പന്മാരാരും വരാത്ത കാലത്തു വിവാഹമെന്ന് വാഗ്ദാനം നൽകിയ ബ്രഹ്മചാരിയോട് ആദരം തോന്നിയ യൗവനം, 41 ദിവസത്തെ വ്രതമെടുത്ത് മലചവിട്ടാനുള്ള ഊർജം പകരുന്ന ഭക്തിയെ ഭസ്മക്കുറി പോലെ ശിരസ്സിലണിയുന്ന വാർധക്യം. ജനിച്ചു വീഴുന്ന സമയം മുതൽ അയ്യപ്പനെ അറിഞ്ഞും അനുഭവിച്ചും വളരുന്ന പന്തളത്തെ ഓരോ തലമുറയ്ക്കും അയ്യപ്പൻ കയ്യെത്താ ദൂരത്തുള്ള ദൈവസങ്കൽപമല്ല, ഒരു കൈപ്പാടകലെയുള്ള മകനോ സഹോദരനോ രക്ഷിതാവോ ആണ്. അഖിലാണ്ഡ‍കോടി ബ്രഹ്മാണ്ഡനായകനെന്നു വിളിക്കുമ്പോഴും കണ്ണുനിറഞ്ഞൊന്നു വിളിച്ചാൽ വിളിപ്പുറത്തുള്ള മണികണ്ഠൻ.ഹരിഹരസുത സ്തുതികളുമായി ഒരു മണ്ഡലകാലം കൂടിയെത്തുമ്പോൾ, അപൂർവമായൊരു നിയോഗത്തിന്റെ ധന്യതയിലാണ് പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള എന്ന ഗുരുസ്വാമി. അറുപത്തിയെട്ടു വർഷം തുടർച്ചയായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞ ഗംഗാധരൻ പിള്ളയ്ക്ക് ജീവിതം മണികണ്ഠതൃപ്പാദങ്ങളിലുള്ള സമർപ്പണമാണ്. പതിനെട്ടാം വയസ്സിൽ, ആദ്യമായി അച്ഛനോടൊപ്പം തിരുവാഭരണങ്ങളുമായി കാടും മലയും നടന്നുകയറി അയ്യപ്പ സവിധത്തിലെത്തിയ ഗംഗാധരൻ പിള്ള 86 വയസ്സു വരെ ആ സപര്യ തുടർന്നു. പൂർണരൂപം വായിക്കാം……
5.ഞാറ്റുവേലകളിലെ രാജാവ്; തിരി മുറിയാതെ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേല

Image Credit: Suresh Cameo/ Shutterstock

ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര ഞാറ്റുവേല എത്തുന്നു. ജൂൺ 22നാണ് തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നത്. ജ്യോതിഷപ്രകാരമുള്ള പഞ്ചാംഗം നോക്കിയാണു തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകൾ എന്നാണു തുടങ്ങുന്നത് എന്നു മനസ്സിലാക്കുന്നത്. വർഷം മുഴുവൻ ഞാറ്റുവേലയുണ്ട്. എന്നാൽ, തിരുവാതിര ഞാറ്റുവേല എത്തുമ്പോൾ മാത്രമാണു നാം ഞാറ്റുവേലയെക്കുറിച്ചു ചിന്തിക്കുന്നത് എന്നു മാത്രം. ജൂൺ 22 വ്യാഴാഴ്ച വൈകിട്ട് 5 .48 മുതൽ ജൂലൈ ആറ് വ്യാഴാഴ്ച വൈകിട്ട് 5.27 വരെയാണ് ഇക്കൊല്ലത്തെ (2023) തിരുവാതിര ഞാറ്റുവേല. പൂർണരൂപം വായിക്കാം……
6. 38 പവൻ തൂക്കം, എട്ട് ഇഞ്ച് ഉയരം; ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിച്ച് ഭക്തൻ

Image Credit: Guruvayur Devaswom-Guruvayur/ Facebook

ഗുരുവായൂരിൽ അഷ്ടമിരോഹിണി നാളിൽ കണ്ണനു സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി. പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണാഭരണ നിർമാണ രംഗത്തുള്ള തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാരിയാണ്. കിരീടത്തിനു 38 പവൻ തൂക്കമുണ്ട്. എട്ട് ഇഞ്ച് ഉയരമുള്ള സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്. ദീർഘനാളായുള്ള രാജേഷ് ആചാരിയുടെ ആഗ്രമായിരുന്നു കണ്ണനു കിരീടം സമർപ്പിക്കുകയെന്നത്. അഞ്ചുമാസം മുൻപാണ് ഇതിനായുള്ള പണികൾ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ ഉപയോഗിക്കാതെയാണ് കിരീടത്തിന്റെ നിർമാമമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. പൂർണരൂപം വായിക്കാം……

7.ഋതുക്കളിൽ ലയിച്ച് വനവിഷ്ണുവായി ഗുരുവായൂരിലെ മരപ്രഭു

ഗുരുവായൂർ ക്ഷേത്രം ശ്രീവൽസം ഗസ്റ്റ് ഹൗസിന് മുന്നിലെ മര പ്രഭുവിന്റെയും ഗുരുവായൂർ കേശവന്റെയും പ്രതിമ. ചിത്രം ജീജോ ജോൺ∙ മനോരമ

ഗുരുവായൂർ ക്ഷേത്രം തെക്കേനടയിൽ ശ്രീവത്സം അങ്കണത്തിൽ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് തൊട്ടു ചേർന്ന് തലയുയർത്തി നിൽക്കുന്ന 51 അടി ഉയരമുള്ള കളിമൺ ശിൽപമാണ് മരപ്രഭു. കളിമണ്ണിൽ നിർമിച്ച ഏറ്റവും വലിയ ശിൽപം. വിഷ്ണു സഹസ്രനാമത്തിൽ ‘അപ്രമേയോ ഹൃഷികേശഃ പത്മനാഭോമരപ്രഭുഃ..’ എന്നൊരു ഭാഗമുണ്ട്. മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിച്ച് നാരായണീയം രചിക്കുന്ന കാലം. ഭക്തകവി പൂന്താനം നാലമ്പലത്തിലുണ്ട്. പൂന്താനം വിഷ്ണുസഹസ്രനാമം ജപിക്കുമ്പോൾ പത്മനാഭോ മരപ്രഭു.. എന്ന് ചൊല്ലി. ഇതു കേട്ട സംസ്കൃത പണ്ഡിതനായ മേൽപുത്തൂർ ഭാഷാകവിയായ പൂന്താനത്തെ പരിഹസിച്ചുവത്രേ.. അമരപ്രഭു എന്നതിന് പകരം മരപ്രഭു എന്ന് തെറ്റായി ചൊല്ലിയതാണ് പരിഹാസത്തിനു കാരണം. ഉടൻ ശ്രീലകത്തുനിന്ന് അശരീരി ഉണ്ടായി. ‘അമരപ്രഭുവും മരപ്രഭുവും സർവപ്രഭുവും ഞാൻതന്നെ…’പൂർണരൂപം വായിക്കാം……

8.പഠനോപകരണങ്ങൾ പൂജവയ്ക്കേണ്ടത് എങ്ങനെ, എപ്പോൾ, അനുഷ്ഠിക്കേണ്ട കാര്യങ്ങൾശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്. ശരദ് നവരാത്രിയിൽ അസ്തമയത്തിന്അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവെയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര മനഃ ശുദ്ധിയോടെ പൂജവയ്ക്കണം. പൂർണരൂപം വായിക്കാം……

ചിത്രം∙ മനോരമ

9.എന്താണു ഷഡ് ചക്രങ്ങൾ? ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങള്‍…18 പടി കയറി പുണ്യദർശനത്തിന്റെ സുകൃതം നുകരാൻ വീണ്ടുമൊരു മണ്ഡലകാലമെത്തുന്നു. മാലയണിഞ്ഞ്, വ്രതശുദ്ധിയോടെ ഇനിയുള്ള നാളുകൾ ശബരീശസന്നിധിയിലേക്ക്. ശബരിമലയുൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങളിലേക്കു ഭക്തർ ഒഴുകിയെത്തുന്ന കാലം. ഓരോ ക്ഷേത്രവും പകരുന്ന ഊർജം ‘ഷഡ് ചക്രങ്ങളിലൂടെ’ ഭക്തന്റെ ഉള്ളിലേക്കും ഒഴുകുന്നുണ്ടെന്നാണു വിശ്വാസം. എന്താണു ഷഡ് ചക്രങ്ങൾ? ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിലൂടെ ഒരു തീർഥയാത്ര…മനുഷ്യശരീരത്തിൽ കാണാൻ സാധിക്കുന്ന ഭാഗങ്ങളാണു സ്ഥൂലശരീരം. യോഗശാസ്ത്ര പ്രകാരം, അതിനുമപ്പുറം സൂക്ഷ്മശരീരവും കാരണശരീരവുമുണ്ട്. ഇവ കാണാൻ സാധിക്കില്ല. എല്ലാ സൂക്ഷ്മ ശരീരത്തിലും ഊർജസ്രോതസ്സുകളായ 7 ചക്രങ്ങളുണ്ട്. ഇവയിൽ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയ്ക്കാണു പ്രാധാന്യം. ഇവയാണു ഷഡ്ചക്രങ്ങൾ. മനുഷ്യനിൽ മൂലാധാരമെന്നതു നട്ടെല്ലിനു താഴെ കുണ്ഡലിനീശക്തിയുമായി. പൂർണരൂപം വായിക്കാം……

Image Credit: ANI/ X

10. അയ്യായിരം വജ്രങ്ങൾ, രണ്ട് കിലോ വെള്ളി; രാമക്ഷേത്ര മാതൃകയിൽ നെക്ലേസ് നിർമിച്ച് വജ്രവ്യാപാരിഅയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നെക്ലേസുണ്ടാക്കി സൂറത്തിലെ വജ്ര വ്യാപാരി. 5000 വജ്രങ്ങളും (അമേരിക്കൻ ഡയമണ്ട്സ്) രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നെക്ലേസ് നിര്‍മാണം. 40 ആഭരണ നിർമാണ തൊഴിലാളികൾ ചേർന്ന് 35 ദിവസമെടുത്താണ് നെക്ലേസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നെക്ലേസ് വില്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും രാമക്ഷേത്രത്തിന് തന്നെ നെക്ലേസ് സമര്‍പ്പിക്കുമെന്നും വ്യാപാരിയായ കൗഷിക് കാക്കാഡിയ അറിയിച്ചു. നെക്ലേസിനൊപ്പം രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ഹനുമാന്റെയും പ്രത്യേകരൂപങ്ങളും സമർപ്പിക്കാനായി തയാറാക്കിയിട്ടുണ്ട്.പൂർണരൂപം വായിക്കാം….


Source link
Exit mobile version