INDIALATEST NEWS

വിജയകാന്ത്: വെള്ളിത്തിരയിലെ കലിപ്പ്; സിനിമയിലെ തിളക്കം രാഷ്ട്രീയത്തിൽ നിലനിർത്താനാകാതെ മടക്കം


രജനീകാന്ത് മാസാണ്. കമൽഹാസൻ ക്ലാസ്. അപ്പോൾ വിജയകാന്തോ? അദ്ദേഹം കലിപ്പാണ്. അനീതിക്കും അസമത്വത്തിനുമെതിരായ, തെരുവിലെ മനുഷ്യരുടെ കട്ടക്കലിപ്പ്. മധുര സ്വദേശി വിജയരാജ് അഴഗർ സാമി തമിഴകത്തിന്റെ വിജയകാന്തായി മാറിയതു സാധാരണക്കാരന്റെ വികാരങ്ങൾക്കു സ്ക്രീനിൽ ശബ്ദവും ആക്‌ഷനും നൽകിയാണ്. പാവപ്പെട്ട മനുഷ്യർ െവള്ളിത്തിരയിൽ അവരുടെ രക്ഷകനെ കണ്ടത് അതിനുമുൻപ് എംജിആറിലാണ്. ആരാധകർ വിജയകാന്തിനെ ‘കറുത്ത എംജിആർ’ എന്നു വിളിച്ചതു വെറുതേയല്ല. രാഷ്ട്രീയത്തിലും എംജിആറിന്റെ പിൻഗാമിയാകാൻ നോക്കിയെങ്കിലും ഇടയ്ക്കു കാലിടറി. 
കമൽഹാസനും രജനീകാന്തും നിറഞ്ഞാടിയ കാലത്താണ് തമിഴ് തിരയിൽ വിജയകാന്ത് സ്വന്തം പാത വെട്ടിയത്. കരുണാനിധിയും ജയലളിതയും പ്രതാപത്തിന്റെ നട്ടുച്ചയിൽ നിൽക്കുമ്പോൾ സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിലിറങ്ങി. തിരയിൽ മാത്രമല്ല, ജീവിതത്തിലും ‘ഹീറോ’ ആയിരുന്നു വിജയകാന്ത്. 

അവഗണനയിൽ വാടാതെ

കെ.എൻ.അഴഗർ സാമി-ആണ്ടാൾ ദമ്പതികളുടെ മകനായാണ് വിജയകാന്തിന്റെ ജനനം. ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയുടെ സംരക്ഷണത്തിൽ, 10 സഹോദരങ്ങൾക്കൊപ്പം കൊണ്ടും കൊടുത്തുമാണു വളർന്നത്. മുതിർന്നപ്പോൾ അച്ഛന്റെ അരിമിൽ ഏറ്റെടുത്തു. ആ സമയത്തു പരിചയപ്പെട്ട വിതരണക്കാരനാണ് സിനിമാമോഹം വളർത്തിയത്. കൂട്ടുകാരന്റെ വിവാഹമെന്നു കളവു പറഞ്ഞു ചെന്നൈയിലേക്കു വണ്ടി കയറി. പക്ഷേ, അവിടെയെത്തിപ്പോൾ തമിഴ് ഉച്ചാരണം ശരിയല്ലെന്നു പറഞ്ഞു സിനിമയിൽ ഇടംകൊടുത്തില്ല. അന്നു മനസ്സിൽ തോന്നിയ വാശിയാണു വിജയകാന്തിലെ താരത്തെ രൂപപ്പെടുത്തിയത്. കറുത്ത നായകനൊപ്പം അഭിനയിക്കില്ലെന്ന ചില നായികമാരുടെ വാശിയുടെ രൂപത്തിലും അവഗണനയുണ്ടായി. തീയിൽ കുരുത്ത വിജയകാന്തിനു പക്ഷേ, അവഗണനയുടെ വെയിലിൽ വാടാൻ മനസ്സില്ലായിരുന്നു. 

വില്ലനിൽനിന്ന് നായകനിലേക്ക്
1979 ൽ പുറത്തിറങ്ങിയ ‘ഇനിക്കും ഇളമൈ’യിൽ വില്ലനായാണ് അരങ്ങേറ്റം. സംവിധായകൻ എം.എ.ഖാജ പേരൊന്നു പരിഷ്കരിച്ചു – അമൃതരാജ്. പടം വലിയ ഹിറ്റായില്ലെങ്കിലും പിന്നെയും ചിത്രങ്ങൾ തേടിയെത്തി. ഒന്നും ക്ലച്ച് പിടിച്ചില്ല. രജനീകാന്ത് കത്തിനിൽക്കുന്ന കാലമാണ്. അതിന്റെ സ്വാധീനം കൂടി കൊണ്ടാകണം, പേര് വിജയകാന്ത് എന്നു മാറ്റിയിരുന്നു. ഇതിനിടെ, നിർമാതാക്കളിലൊരാളായ വി.ചിദംബരത്തിന് വിജയകാന്തിന്റെ സിനിമ ഇഷ്ടമായി. അങ്ങനെയാണ്, ആദ്യത്തെ ബ്രേക്കായ ‘സട്ടം ഒരു ഇരുട്ടറൈ’ ലഭിച്ചത്. ഒരു ചിത്രത്തിൽ കൂടി വില്ലനായി. ഇനി നായകനേ ആകൂ എന്നുറപ്പിച്ച് വില്ലൻ റോളുകൾ ഒഴിവാക്കി. അങ്ങനെ, 1984 വിജയകാന്തിന്റെ വർഷമായി. 18 സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായി. രജനിക്കും കമലിനൊപ്പം ഇതാ അടുത്ത സൂപ്പർ സ്റ്റാറെന്നു സിനിമാലോകം തലകുലുക്കി. 

നന്മയുടെ ജീവിതവേഷങ്ങൾ
നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന പൊലീസ് ഓഫിസറുടെ വേഷം വിജയകാന്തിൽ ഭദ്രമായിരുന്നു. സിനിമയിലെ തുടക്കക്കാരുടെ വിഷമം അനുഭവിച്ചറിഞ്ഞ അദ്ദേഹം, ഇരുപത്തിയഞ്ചോളം നവാഗത സംവിധായകർക്ക് അരങ്ങേറ്റമൊരുക്കി. നൂറാം ചിത്രമായ ‘ക്യാപ്റ്റൻ പ്രഭാകറി’ന്റെ സൂപ്പർ ഹിറ്റ് വിജയം തൊപ്പിയിലെ തൂവലായി. 

നടികർ സംഘത്തിന്റെ (സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് അസോസിയേഷൻ) പ്രസിഡന്റ് ആയപ്പോൾ സംഘടന കോടികളുടെ കടത്തിലായിരുന്നു. വിദേശങ്ങളിൽ താരനിശകളുൾപ്പെടെ സംഘടിപ്പിച്ച് വിജയകാന്ത് കടം വീട്ടി. പഴയകാല താരങ്ങൾക്കു പെൻഷനും പാവങ്ങൾക്കായി ആശുപത്രിയും തുടങ്ങി. സിനിമയിൽ രണ്ടുതരം പന്തിയിൽ വിളമ്പുന്നത് സഹിച്ചില്ല. സ്വന്തമായി നിർമാണക്കമ്പനി തുടങ്ങിയപ്പോൾ നായകൻ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർക്ക് ഒരേ ഭക്ഷണം നൽകി. 
മിന്നി തുടക്കം, പിന്നെ അണഞ്ഞു

സിനിമാ കരിയറിന്റെ നേർവിപരീതമായിരുന്നു വിജയകാന്തിന്റെ രാഷ്ട്രീയജീവിതം. 2005 ൽ സ്വന്തം പാർട്ടി തുടങ്ങി ഞെട്ടിച്ചെങ്കിലും സിനിമാശൈലിയിലുള്ള രാഷ്ട്രീയപ്രവർത്തനത്തിന് ഏറെക്കാലം പിടിച്ചുനിൽക്കാനായില്ല. 
ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8 ശതമാനത്തിലേറെ വോട്ട് നേടി. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 10% ആയി ഉയർത്തിയെങ്കിലും വിജയകാന്തിന്റെ ആരോഗ്യപ്രശ്നങ്ങളും ക്ഷിപ്രകോപവും തെറ്റായ തീരുമാനങ്ങളും പിന്നീട് ഡിഎംഡികെയെ തളർത്തി. 2021 ൽ ‘നോട്ട’യേക്കാൾ താഴെയായി വോട്ടുവിഹിതം. 

വേദിയിൽ പ്രവർത്തകന്റെ മുഖത്തടിച്ചതും മാധ്യമപ്രവർത്തകർക്കുനേരെ തുപ്പിയതും ചീത്തപ്പേരുണ്ടാക്കി. ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും മറ്റു പാർട്ടികളിലേക്കു പോയി. വിജയകാന്തിന് ആരോഗ്യപ്രശ്നങ്ങൾ കടുത്തതോടെ ഭാര്യ പ്രേമലതയും സഹോദരൻ എൽ.കെ.സുധീഷും പാർട്ടിയുടെ ചുമതലയേറ്റെടുത്തെങ്കിലും പച്ച തൊടാനായിട്ടില്ല ഇനിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തീർത്തും അപ്രസക്തമായിപ്പോയ പാർട്ടിയെ തിരികെക്കൊണ്ടുവരാനുള്ള ഉൗർജിത ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ക്യാപ്റ്റന്റെ വിടവാങ്ങൽ. 


Source link

Related Articles

Back to top button