നിജ്ജറിന്റെ കൊലയാളികൾ ഉടൻ അറസ്റ്റിലാകും: കാനഡ
ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് കനേഡിയൻ പോലീസ്. സംഭവവുമായി ബന്ധമുള്ള രണ്ടുപേർ മാസങ്ങളായി പോലീസ് നിരീക്ഷണത്തിലാണെന്നും ഇവർ രാജ്യം വിട്ടിട്ടില്ലെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പേരു വെളിപ്പെടുത്താത്ത അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഗ്ലോബ് ആൻഡ് മെയ്ൽ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ജൂണിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽവച്ചാണ് നിജ്ജറിനെ കൊലയാളികൾ വെടിവച്ചുവീഴ്ത്തിയത്. ഈ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് സെപ്റ്റംബറിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചു. മൂന്നു വർഷം മുന്പുതന്നെ നിജ്ജറിനെ ഇന്ത്യ ഭീകരനായി മുദ്രകുത്തിയതാണ്. അറസ്റ്റിലാകുന്നവർക്കെതിരേ പോലീസ് കുറ്റം ചുമത്തുന്പോൾ കൊലയാളികൾക്ക് ഇന്ത്യൻ ഭരണകൂടവുമായി ബന്ധമുണ്ടെങ്കിൽ വെളിപ്പെടും. കനേഡിയൻ-അമേരിക്കൻ ഖലിസ്ഥാൻ വാദിയായ ഗുർപട്വന്ത് സിംഗ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി അടുത്തിടെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു.ഇന്ത്യൻ സർക്കാരിലെ ഒരു ഉദ്യോഗസ്ഥനുവേണ്ടി പ്രവർത്തിക്കുന്ന നിഖിൽ ഗുപ്തയെന്നയാളെ ഈ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു പ്രതിചേർത്തിട്ടുണ്ട്.
Source link