വിജയകാന്ത് അന്തരിച്ചു; അന്ത്യം കോവിഡിനെത്തുടർന്ന് ആശുപത്രിയിൽ
ചെന്നൈ ∙ തമിഴ് സിനിമയിൽ സാധാരണക്കാരുടെ ശബ്ദമായിരുന്ന ‘കറുപ്പ് എംജിആർ’ വിജയകാന്തിനു (71) വിട. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമാണ്. ചെന്നൈ പോരൂരിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
മധുര സ്വദേശി വിജയരാജ് അഴഗർസാമിയാണ് സിനിമയിലെത്തിയപ്പോൾ വിജയകാന്ത് ആയത്. ആദ്യസിനിമ ‘ഇനിക്കും ഇളമൈ’യിൽ (1979) വില്ലനായിരുന്നു. ‘സട്ടം ഒരു ഇരുട്ടറൈ’ (1981) വഴിത്തിരിവായി. 1984 ആയതോടെ രജനീകാന്തും കമൽഹാസനും കഴിഞ്ഞാൽ തമിഴിലെ ഏറ്റവും വലിയ താരമായി. നൂറാം ചിത്രം ‘ക്യാപ്റ്റൻ പ്രഭാകരന്റെ’ (1991) വിജയത്തോടെ ‘കറുപ്പ് എംജിആർ’നു പുറമേ ‘ക്യാപ്റ്റൻ’ എന്ന വിശേഷണം കൂടി ലഭിച്ചു. ദരിദ്രർക്കായി ആശുപത്രി അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ക്രീനിലെ നന്മ നിറഞ്ഞ വേഷങ്ങളും ഒരുമിച്ചപ്പോൾ ആരാധകർക്ക് അദ്ദേഹം ‘പുരട്ചി കലൈജ്ഞറും’ (വിപ്ലവ കലാകാരൻ) ആയി. വിരുദഗിരി (2010) ആണ് നായകനായി അഭിനയിച്ച അവസാന ചിത്രം.
2005 ൽ ഡിഎംഡികെ രൂപീകരിച്ച് പിറ്റേവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8% വോട്ട് നേടി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കൊപ്പം സഖ്യത്തിൽ മത്സരിച്ച ഡിഎംഡികെയ്ക്ക് 29 സീറ്റ് ലഭിച്ചു. അണ്ണാ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചതോടെ ജയലളിത മുഖ്യമന്ത്രിയും സർക്കാരിൽ ചേരാതിരുന്ന വിജയകാന്ത് പ്രതിപക്ഷ നേതാവുമായി. എന്നാൽ, പിന്നീട് അദ്ദേഹത്തിനും പാർട്ടിക്കും തളർച്ചയുടെ കാലമായിരുന്നു. വിജയകാന്തിന്റെ അനാരോഗ്യം മൂലം ഭാര്യ പ്രേമലത കഴിഞ്ഞ 14നു പാർട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു. ഈ അവസാന പൊതുപരിപാടിയിൽ വിജയകാന്ത് ചക്രക്കസേരയിലാണെത്തിയത്. മക്കൾ: നടൻ ഷൺമുഖ പാണ്ഡ്യൻ, വിജയ പ്രഭാകരൻ.
English Summary:
Actor and DMDK founder leader Vijayakanth passes away
Source link