എംബസിക്കു സമീപത്തെ സ്ഫോടനം: ഭീകരാക്രമണം ആകാമെന്ന് ഇസ്രയേൽ

ന്യൂഡൽഹി ∙ ചാണക്യപുരിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. ഡൽഹി പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നാഷനൽ സെക്യൂരിറ്റി ഗാർഡും സ്ഥലത്തു പരിശോധന നടത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഫോടനമുണ്ടായതിനു തൊട്ടു മുൻപ് സമീപത്തു കൂടി നടന്നു പോകുന്ന 2 യുവാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. 
അതേസമയം, ഭീകരാക്രമണമാകാനുള്ള സാധ്യതയാണ് തെളിയുന്നതെന്നു ഇസ്രയേൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

ബോംബിന്റെ അവശിഷ്ടങ്ങളൊന്നും ലഭിക്കാത്തതിനാൽ രാസസ്ഫോടനമാണ് ഉണ്ടായതെന്നാണ് കണക്കു കൂട്ടൽ. ഇസ്രയേൽ അംബാസഡറെ അഭിസംബോധന ചെയ്തു കൊണ്ട് അശ്ലീല പരാമർശങ്ങളുള്ള കത്തും സമീപത്തു നിന്നു ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇംഗ്ലിഷിലുള്ള കത്തിൽ പലസ്തീൻ, ഗാസ വിഷയങ്ങൾ പറഞ്ഞാണ് അസഭ്യ പ്രയോഗങ്ങൾ നടത്തിയിരിക്കുന്നത്. 

തലസ്ഥാനത്തെ വിവിധ ജൂത സ്ഥാപനങ്ങൾക്കും താമസസ്ഥലങ്ങൾക്കുമുള്ള സുരക്ഷ വർധിപ്പിച്ചു. 2021 ലും ഇസ്രയേൽ എംബസിക്ക് പുറത്ത് സ്ഫോടനം നടന്നിട്ടുണ്ട്. അന്ന് ഒരു കാർ നശിച്ചു. 2012 ഫെബ്രുവരിയിൽ കാറിനു നേരെ നടന്ന ആക്രമണത്തിൽ ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കു പരുക്കേറ്റു. 


Source link
Exit mobile version