പുതു തലമുറയ്ക്ക് ഉപദേശവുമായി സന്തോഷ് ട്രോഫി താരങ്ങള്‍

കൊച്ചി: തോല്‍വികളില്‍ തളരരുതെന്നും പരാജയത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തി മുന്നേറണമെന്നും കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ താരങ്ങള്‍. പുതുതലമുറയിലെ താരങ്ങളുമായി കൊച്ചി കോര്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഴിവുകൾ തിരിച്ചറിഞ്ഞ് അച്ചടക്കത്തോടെ കളിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകുമെന്നു കോച്ച് സൈമണ്‍ സുന്ദര്‍രാജ് പറഞ്ഞു. ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുമ്പോഴും സമ്മര്‍ദം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നാണ് ടീമിന്റെ ലെഫ്റ്റ് വിംഗ് ബാക്കായിരുന്ന സി.സി. ജേക്കബ് പറഞ്ഞത്. ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നെങ്കിലും റെയില്‍വേസിന്റെ മുന്നേറ്റനിര നിരന്തരം ആക്രമണം നടത്തിക്കൊണ്ടേയിരുന്നു. താന്‍ കളിച്ചുവളര്‍ന്ന മഹാരാജാസ് ഗ്രൗണ്ട് അത്ര പരിചിതമായിരുന്നതിനാല്‍ തനിക്ക് ഫലപ്രദമായി ആക്രമണങ്ങളെ നേരിടാന്‍ കഴിഞ്ഞുവെന്നും ജേക്കബ് പറഞ്ഞു.
കോച്ചിന്റെ തന്ത്രങ്ങളെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. താരനിരയൊന്നും ഇല്ലാതിരുന്ന കേരളത്തിന്റെ വിജയം സാധ്യമാക്കിയത് കോച്ച് സൈമണ്‍ സുന്ദര്‍രാജിന്റെ തന്ത്രങ്ങളായിരുന്നുവെന്ന് ഒന്നാം ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞില പറഞ്ഞു. ആദ്യകളിയില്‍ ബൂട്ടണിഞ്ഞ 11 പേരും ഫൈനലില്‍ മത്സരിക്കാനുണ്ടായില്ല. ഓരോ മത്സരത്തിലും താരങ്ങളെ മാറ്റിമാറ്റി പരീക്ഷിച്ചു. കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞാണ് കളിക്കളത്തില്‍ താരങ്ങളെ വിന്യസിച്ചതെന്നും മഞ്ഞില പറഞ്ഞു.
Source link