ഇറാൻ യുറേനിയം സന്പുഷ്ടീകരണം വർധിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സംഘർഷത്തിനിടെ ഇറാൻ യുറേനിയം സന്പുഷ്ടീകരണം വർധിപ്പിച്ചുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. അണുബോംബ് നിർമിക്കാൻ പോന്ന നിലവാരത്തിനടുത്താണ് ഇറാന്റെ യുറേനിയം സന്പൂഷ്ടീകരണമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ റിപ്പോർട്ടിൽ മുന്നറിപ്പു നല്കിയിരുന്നു. നതാൻസ്, ഫോർഡോ പ്ലാന്റുകളിൽ മാസം ഒന്പതു കിലോഗ്രാം സന്പുഷ്ട യുറേനിയം ഉത്പാദിപ്പിക്കുന്നതായി ഏജൻസിയുടെ പരിശോധകർ കണ്ടെത്തി. കഴിഞ്ഞ ആഴ്ചകളിലാണ് ഉത്പാദനം വർധിപ്പിച്ചതെന്നും പറയുന്നു. അറുപതു ശതമാനം ശുദ്ധതയിലാണ് ഇറാൻ യുറേനിയം സന്പുഷ്ടീകരിക്കുന്നതെന്ന് അനുമാനിക്കുന്നു. 90 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് അണുബോംബ് നിർമിക്കുന്നത്. ഊർജാവശ്യങ്ങൾക്ക് 3.67 ശതമാനം സന്പുഷ്ടീകരണം മതിയാകും.
ഇറാന്റെ പിന്തുണയുള്ള സംഘങ്ങൾ പശ്ചിമേഷ്യയിൽ അസ്ഥിരത വിതയ്ക്കുന്ന സമയത്ത് യുറേനിയം സന്പുഷ്ടീകരണം വർധിപ്പിച്ചതായി കണ്ടെത്തിയത് ഉത്കണ്ഠപ്പെടുന്ന കാര്യമാണെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വൃത്തങ്ങൾ പറഞ്ഞു. സിറിയയിലും ഇറാക്കിലും ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങൾ അമേരിക്കൻ സേനാതാവളങ്ങൾ ആക്രമിക്കുന്നുണ്ട്. യെമനിലെ ഹൗതി വിമതർ ചെങ്കടൽ വഴി പോകുന്ന ചരുക്കുകപ്പലുകളെയും ആക്രമിക്കുന്നു.
Source link