‘കണ്ണൂർ സ്ക്വാഡി’ലെ ആ സീക്വൻസ് ജോളി മാസ്റ്റർ ഒറ്റയ്ക്ക് ചെയ്തതാണ്: റോണി ഡേവിഡ്
അന്തരിച്ച സ്റ്റണ്ട് സംവിധായകൻ ജോളി ബാസ്റ്റിനെ അനുസ്മരിച്ച് നടനും കണ്ണൂർ സ്ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. സ്റ്റണ്ട് കൊറിയോഗ്രാഫറിലെന്നതിലുപരി മികച്ച വെഹിക്കിൾ സ്റ്റണ്ട് മാന്‍ കൂടിയായിരുന്നു ജോളി മാസ്റ്ററെന്ന് റോണി പറയുന്നു. കണ്ണൂർ സ്ക്വാഡ് ക്ലൈമാക്സിലെ ജീപ്പ് ചേസിങ് സീനിലെ സീക്വൻസുകളിലൊന്ന് ജോളി മാസ്റ്ററാണ് െചയ്തതെന്നും റോണി വെളിപ്പെടുത്തുന്നു.
‘‘കണ്ണൂർ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്, ഡിസംബർ 27. പക്ഷേ, ആ ആഹ്ലാദം പങ്കുവയ്ക്കാൻ കഴിയാത്ത രീതിയിൽ ഒരു വാർത്തയായി ഇന്നു കേട്ടത്. ജോളി മാസ്റ്റർ, അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്‌നിഷ്യൻ പോലും മലയാളത്തിൽ ഉണ്ടാവില്ല. ഗംഭീര സ്റ്റണ്ട് കൊറിയോഗ്രാഫർ, അതിലുപരി മികച്ച വെഹിക്കിൾ സ്റ്റണ്ട് മാന്‍. നിങ്ങള്‍ക്ക് എല്ലാവർക്കും കണ്ണൂർ സ്‌ക്വാഡ് ക്ലൈമാക്സിൽ ജീപ്പ് ലോറിയെ ഓവർടേക്ക് ചെയ്തു പോകുന്ന സീക്വൻസ് ഓർമയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അത് ഇദ്ദേഹം ചെയ്തതാണ്.
അദ്ദേഹം തന്നെ ഒരു നിക്കി ലൗഡ ആയിരുന്നു. മഷീൻസിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്ന വ്യക്തി. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്‌ഷൻ ടൈമിൽ കൃത്യമായി അപ്ഡേറ്റുകൾ ചോദിച്ചു വിളിക്കുമായിരുന്നു. ഇത് കുറേ നേരത്തെയായിപ്പോയി മാസ്റ്റർ.’’-റോണി പറഞ്ഞു.
കമ്മട്ടിപാടം, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, നാ താൻ കേസ് കൊട് തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്റ്റണ്ട് സംവിധായകനായിരുന്നു ജോളി ബാസ്റ്റിൻ. 53 വയസ്സായിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി കുടുംബവുമായി ബെംഗളൂരില്‍ നിന്നും ആലപ്പുഴ എത്തിയ അദ്ദേഹത്തിന് ചൊവ്വാഴ്ച വൈകിട്ട് നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബെംഗളൂരിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബെംഗളൂരുവിൽ വച്ച് നടക്കും.
അങ്കമാലി ഡയറീസ്, അയാളും ഞാനും തമ്മിൽ, മാസ്റ്റർ പീസ്, കമ്മട്ടിപാടം, ഡ്രൈവിങ് ലൈസൻസ്, തങ്കം, ഓപ്പറേഷൻ ജാവ, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പടെ മലയാളത്തിലെ നിരവധി സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ ആയി പ്രവർത്തിച്ചിരുന്ന ആളാണ് ജോളി ബാസ്റ്റിൻ. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ സ്ക്വാഡ് ആണ് ജോളി സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന അവസാന ചിത്രം.
ബൈക്ക് സ്റ്റണ്ടിലൂടെ കന്നട സിനിമയിലെത്തിയ താരമാണ് ജോളി ബാസ്റ്റിൻ. കന്നഡ താരം രവിചന്ദ്രന്റെ ബൈക്ക് സ്റ്റണ്ടുകളിൽ ബോഡി ഡബിൾ ചെയ്തത് ജോളിയായിരുന്നു. ഏതാനും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ജോളി സ്റ്റണ്ട് നടന്മാരുടെ കർണാടകയിലെ സംഘടനയിൽ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കന്നടയിൽ ‘നികാകി കാടിരുവെ’ എന്ന റെമാന്റിക് ത്രില്ലർ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഓർക്കസ്ട്ര ടീം ഉള്ള ജോളി ഒരു ഗായകൻ കൂടിയായിരുന്നു.
English Summary:
Rony David Remembering Jolly Master
Source link