‘നേരിനെക്കുറിച്ച് ഇങ്ങനെ പറയാൻ എത്ര രൂപ കിട്ടി?’: മറുപടിയുമായി മാലാ പാർവതി
അധിക്ഷേപ കമന്റിട്ട ആൾക്ക് ചുട്ട മറുപടിയുമായി നടി മാലാ പാർവതി. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ കണ്ടു മികച്ച അഭിപ്രായം കുറിച്ച പോസ്റ്റിന് വന്ന കമന്റിനാണ് കുറിക്കു കൊള്ളുന്ന മറുപടി കമന്റുമായി മാലാ പാർവതി എത്തിയത്. നേര് സിനിമ കണ്ടിട്ട് താരങ്ങളെ ഓരോരുത്തരെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് മാലാ പാർവതി കുറിപ്പ് പങ്കുവച്ചിരുന്നു.
‘‘ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി?’’ എന്ന കമന്റുമായി ഒരാളെത്തിയതാണ് മാലാ പാർവതിയെ ചൊടിപ്പിച്ചത്. കമന്റിന് മാലാ പാർവതി നൽകിയ മറുപടി ഇങ്ങനെയാണ്. ‘‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓർമയില്ല.’’
‘‘ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാൽ സർ ചിത്രം നേര് കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും. ലാൽ സാർ, സിദ്ദീഖ് സർ, ജഗദീഷ് ചേട്ടൻ, അനശ്വര
വേറെ ലെവൽ. അനശ്വര രാജന്റെ ഗംഭീര പെർഫോമൻസ്. അതിഗംഭീരം.
അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോൺ ഡിംഗും കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദീഖ് സാറിന്റെ ക്രിമിനൽ വക്കീൽ വേറെ ലെവൽ. ലാൽ സാറിന്റെ തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോൽക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകർന്നാട്ടം സൂക്ഷ്മവും കൃത്യവും.
ജീത്തു ജോസഫ് മലയാളത്തിന് നൽകിയ വ്യത്യസ്തമായ ചിത്രമാണ് നേര്. ഗണേഷ് കുമാർ, ശാന്തി മായാദേവി, പ്രിയാമണി, ശ്രീ ധന്യ, രശ്മി അനിൽ തുടങ്ങി നടീ നടന്മാർ എല്ലാം ഗംഭരമായി.’’–മാലാ പാർവതിയുടെ വാക്കുകൾ.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. അഡ്വക്കറ്റ് ആയ ശാന്തി മായാദേവിയും ജീത്തുവും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചത്. മോഹൻലാലിനെ കൂടാതെ സിദ്ധിഖ് ജഗദീഷ് ഗണേഷ് അനശ്വര ശ്രീധന്യ ശാന്തി മായാദേവി ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
English Summary:
Maala Parvathy about Neru movie
Source link