നൈജീരിയയിലെ ക്രിസ്ത്യൻ പ്രദേശങ്ങളിൽ ആക്രമണം; 140 പേർ കൊല്ലപ്പെട്ടു

ലാഗോസ്: സെൻട്രൽ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ക്രിസ്മസിനു മുന്പായി നടന്ന ആക്രമണങ്ങളിൽ 140 പേർ കൊല്ലപ്പെട്ടു. പ്ലാറ്റോ സംസ്ഥാനത്തെ ബോക്കോസ്, ബാർകിൻ-ലാഡി പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു ആക്രമണം. ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനി ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുസ്ലിം ഫുലാനികൾ ഭൂമിക്കും വെള്ളത്തിനുമായി ക്രിസ്ത്യൻ മേഖലകൾ ആക്രമിക്കുന്നതു പതിവാണ്. ശനിയാഴ്ച വൈകുന്നേരം ആറിനാണ് ആക്രമണം തുടങ്ങിയതെന്നു പ്രദേശവാസികൾ പറഞ്ഞു. വീടുകൾ തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നു ഭയക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
സഹായത്തിനു വിളിച്ച് 12 മണിക്കൂറിനു ശേഷമാണു സുരക്ഷാസൈനികർ മേഖലയിലെത്തിയതെന്ന് ആക്ഷേപമുണ്ട്. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായി നൈജീരിയൻ സേന അറിയിച്ചു. അതേസമയം, നൈജീരിയയിൽ ഇത്തരം കേസുകളിൽ കാര്യമായ പുരോഗതിയോ അറസ്റ്റ് ഉണ്ടാകാറില്ല. നൈജീരിയൻ സർക്കാരും അക്രമം നിയന്ത്രിക്കുന്നതിൽ പരാജയമാണെന്ന് ആരോപിക്കപ്പെടുന്നു.
Source link