ഇത് ചരിത്ര ജയം; ടെസ്റ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ
മുംബൈ: നാലാം ദിവസം വെറും 75 മിനിറ്റ് കൊണ്ടു തീർത്ത് ഇന്ത്യൻ വനിതകൾ ചരിത്രജയം സ്വന്തമാക്കി. ഏക ടെസ്റ്റ് ക്രിക്കറ്റിൽ, ശക്തരായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ പുതിയ ചരിത്രമെഴുതി. വാങ്കഡെയിൽ നടന്ന ടെസ്റ്റിൽ സർവ മേഖലയിലും ആധിപത്യം പുലർത്തിയ ഇന്ത്യ ആധികാരികമാണ് ജയം നേടിയത്. ഒരു ഘട്ടത്തിൽ പോലും വെല്ലുവിളിയുയർത്താതെയാണ് ഓസ്ട്രേലിയൻ വനിതകൾ കീഴടങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ 75 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഈ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടമാക്കി ഹർമൻപ്രീത് കൗറിന്റെ സംഘം മറികടന്നു. സ്കോർ: ഓസ്ട്രേലിയ 219, 261. ഇന്ത്യ 406, 75/2. രണ്ട് ഇന്നിംഗ്സുകളിലായി ഏഴു വിക്കറ്റ് നേടിയ (119/7) സ്നേഹ് റാണയാണു കളിയിലെ താരം. ഒരു ഇന്ത്യൻ സ്പിന്നറുടെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. 233-ന് അഞ്ച് എന്ന നിലയിൽ നാലാം ദിവസം തുടങ്ങിയ ഓസീസിന് 28 റണ്‍സ് ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റുകൾ നഷ്ടമായി. സ്നേഹ് റാണയുടെയും രാജേശ്വരി ഗെയ്ക്വാദിന്റെയും സ്പിൻ ബൗളിംഗാണ് ഓസീസിന്റെ പോരാട്ടം നേരത്തേ അവസാനിപ്പിച്ചത്. 261 റണ്‍സിന് ഓസ്ട്രേലിയ എല്ലാവരും പുറത്തായതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 75 റണ്‍സായി. നാലാം ദിനം ഓസീസ് സ്കോർബോർഡിൽ റണ്ണെത്തും മുന്‍പേ ആഷ്ലി ഗാർഡ്നറെ വിക്കറ്റിനു മുന്നിൽ കുരുക്കി വസ്ത്രാക്കർ ഓസീസിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. ഇതിനുശേഷം സ്പിന്നർമാർ കളം വാണു. അന്നാബെൽ സതർലൻഡിനെ (27) വിക്കറ്റിനുപിന്നിൽ യാസ്തിക ഭാട്യ പിടികൂടിയതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം പെട്ടെന്ന് അവസാനിച്ചു. സ്നേഹ് റാണ നാലും രാജേശ്വരി ഗെയ്ക്വാദും ഹർമൻപ്രീത് കൗറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരെണ്ണം പൂജാ വസ്ത്രാക്കർക്കായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. നാലു പന്തിൽനിന്ന് നാല് റണ്‍സെടുത്ത് ഷഫാലി വർമ പുറത്തായി. 33 പന്തിൽനിന്ന് 13 റണ്‍സെടുത്ത് റിച്ച ഘോഷ് റണ്ണൗട്ടുമായി. 60 പന്തിൽനിന്ന് 38 റണ്‍സോടെ സ്മൃതി മന്ദാനയും 15 പന്തിൽനിന്ന് 12 റണ്‍സോടെ ജെമീമ റോഡ്രിഗസുമാണു വിജയം തൊടുന്പോൾ ക്രീസിലുണ്ടായിരുന്നത്. 1977ലാണ് ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടെസ്റ്റ് ക്രിക്കറ്റിനു തുടക്കമാകുന്നത്. അന്നു മുതൽ നടന്ന 10 ടെസ്റ്റുകളിൽ നാലു തോൽവിയാണ് ഇന്ത്യ നേരിട്ടത്. ആറെണ്ണം സമനിലയാകുകയും ചെയ്തു. 11-ാമത്തെശ്രമത്തിൽ ഓസീസിനെ തക ർത്തു. കരുത്തരായ ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞയാഴ്ച 347 റണ്‍സിന്റെ വൻ ജയം നേടിയശേഷമാണ് മറ്റൊരു ചരിത്ര ജയം ഹർമൻപ്രീതും സംഘവും നേടിയിരിക്കുന്നത്.
Source link