കിതച്ച് കായിക കേരളം -2 / തോമസ് വർഗീസ് ഒരുവശത്ത് പുത്തൻ താരങ്ങളുടെ പ്രകടനം ഭീതിജനകമായ രീതിയിൽ പിന്നോട്ടു പോകുന്പോൾ അതിലുമേറെ ഭയാനകമായ സ്ഥിതിയിലാണ് അത്ലറ്റിക്സിൽ ട്രാക്ക് ഇനങ്ങളിൽ സീനിയർ താരങ്ങളുടെ പ്രകടനം. ഈ വർഷം നടന്ന ഗോവ ദേശീയ ഗെയിംസിലും കേരളം ആതിഥേയത്വം വഹിച്ച 2015 ലെ ദേശീയ ഗെയിംസിലുമുള്ള കേരളത്തിന്റെ മെഡൽ വ്യത്യാസം പരിശോധിച്ചാൽ അത് വ്യക്തമാകും. 2023 ഗോവ ദേശീയ ഗെയിംസിൽ ട്രാക്കിലും ഫിൽഡിലും കേരളം ഏറെ പിന്നോക്കം പോയി. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ആകെ സ്വന്തമാക്കിയത് മൂന്നു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 14 മെഡലുകൾ മാത്രം. ട്രാക്കിൽ നിന്നും ഒരു സ്വർണം പോലും നേടാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയം. ജംപിംഗ് പിറ്റിൽ നിന്നാണ് ഗോവയിൽ അല്പമെങ്കിലും ആശ്വാസം സമ്മാനിച്ചത്. 2015-ൽ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ 13 സ്വർണവും 14 വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 34 മെഡൽ ട്രാക്ക് ആൻഡ് ഫീൽഡിൽ നേടിയിരുന്നു. അതാണ് ഗോവയിലെത്തിയപ്പോൾ കൂപ്പുകുത്തിയത്. ഒരു കാലത്ത് കേരളത്തിന്റെ മാത്രം കുത്തകയായിരുന്ന റിലേ ഇനങ്ങളിൽപ്പോലും കേരളം തകർന്നു തരിപ്പണമായി. പുരുഷ ലോംഗ് ജംപിൽ മുഹമ്മദ് അനസ്, വനിതാ ലോംഗ്ജംപിൽ ആൻസി സോജൻ, ട്രിപ്പിൾ ജംപിൽ എൻ.വി. ഷീന എന്നിവരാണ് ഗോവയിൽനിന്ന് കേരളത്തിന് സ്വർണം സമ്മാനിച്ചത്. ഗുജറാത്ത് ആതിഥേയത്വം വഹിച്ച കഴിഞ്ഞ ദേശീയ ഗെയിംസിൽ നേടിയ മൂന്നു സ്വർണം ഇക്കുറിയും നിലനിർത്തിയെന്ന് ആശ്വസിക്കാം. അപ്പോഴും വെള്ളിനേട്ടത്തിലും ഇടിവ് സംഭവിച്ചു. കഴിഞ്ഞ തവണ ആറായിരുന്ന വെള്ളി ഗോവയിലെത്തിയപ്പോൾ അഞ്ചായി ചുരുങ്ങി. ഓരോ മീറ്റ് കഴിയുന്പോഴും മലയാളികളുടെ മേഡൽ നേട്ടത്തിന്റെ എണ്ണം താഴേക്ക് പോകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015-ൽ കേരളം ആവേശത്തോടെ ആതിഥേയത്വം വഹിച്ച നാഷണൽ ഗെയിംസിൽ മിന്നും പ്രകടനം നടത്തി സംസ്ഥാനം മെഡൽപട്ടികയിൽ സർവീസസിനു പിന്നാലെ ഓവറോൾ മെഡൽപട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എന്നാൽ എട്ടു വർഷത്തിനു ശേഷം ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ അഞ്ചാം സ്ഥാനത്ത് മാത്രമാണ് എത്താൻ കഴിഞ്ഞത്.
വൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുവെന്ന് അധികാരികൾ പറയുന്പോഴും എട്ടു വർഷത്തിനുള്ളിൽ ഇത്രയധികം പിന്നിലേക്ക് പോയതിനെക്കുറിച്ച് വിമർശനാത്മകമായി പരിശോധിക്കേണ്ടതല്ലേ. കതിരിൽ കൊണ്ട് വളംവച്ചിട്ട് പ്രയോജനമുണ്ടോ എന്ന പഴഞ്ചൊല്ലിനു തുല്യമാണ് പലപ്പോഴും കായിക കേരളത്തിൽ നടപ്പാക്കുന്ന പല നയങ്ങളും. ഓർമയിലെ 87 1987 ഡിസംബർ 20 മുതൽ 30 വരെയായി കേരളം ആതിഥേയത്വം വഹിച്ച രണ്ടാം ദേശീയ ഗെയിംസ് മലയാളികൾക്ക് മറക്കാൻ കഴിയില്ല. ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കേരളത്തിന്റെ ചുണക്കുട്ടന്മാർ 552 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (29 സ്വർണം, 21 വെള്ളി, 18 വെങ്കലം). അതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം 2015 ലാണ്. 2015ൽ ഏറെ പിന്നിലായിരുന്ന മഹാരാഷ്ട്ര 2023 ആയപ്പോൾ 75 സ്വർണം നേടി ഒന്നാമതെത്തി. 2015ലെ ഒന്നാം സ്ഥാനക്കാരായ സർവീസസ് 64 സ്വർണവുമായി മെഡൽ പട്ടികയിൽ രണ്ടാമതുണ്ട്. കായിക ഇന്ത്യയിൽ ശക്തമായ മുന്നേറ്റം നടത്തിയ ഹരിയാന 58 സ്വർണവുമായി മൂന്നാം സ്ഥാനത്തും 36 സ്വർണം ഉൾപ്പെടെ 110 മെഡലുകളുമായി മധ്യപ്രദേശ് നാലാം സ്ഥാനത്തുമെത്തി. നാഷണൽ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ കളരിപ്പയിറ്റിൽ നേടിയ 19 സ്വർണം ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ സ്ഥാനം ഇത്തവണ 11ലേക്ക് കൂപ്പു കുത്തുമായിരുന്നു. നാഷണൽ ഓപ്പണ്, സീനിയർ നാഷ്ണൽ മത്സരങ്ങളിലും കേരളത്തിന്റെ സ്ഥിതി വ്യത്യസ്ഥമല്ല. കേരളം ദേശീയ ഗെയിംസിൽ വർഷം, സ്വർണം, വെള്ളി, വെങ്കലം, ആകെ, റാങ്ക് 2007 31 19 25 75 04 2011 30 29 28 87 07 2015 54 48 60 162 02 2022 23 18 13 54 06 2023 36 23 27 86 05 (തുടരും)
Source link