ഗാസയിൽ സഹായം എത്തിക്കണമെന്ന് രക്ഷാസമിതി; ആക്രമണം തുടർന്ന് ഇസ്രയേൽ

ടെൽ അവീവ്: ഗാസയിൽ കൂടുതൽ സഹായമെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചെങ്കിലും ആക്രമണത്തിന്റെ രൂക്ഷത കുറയ്ക്കാൻ തായാറാകാതെ ഇസ്രേലി സേന. സെൻട്രൽ ഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബുറെയ്ജ് അഭയാർഥി ക്യാന്പിലുള്ളവർ തെക്കൻ ഗാസയിലെ ദെയ്ർ അൽ ബലായിലേക്ക് ഉടൻ പൊക്കോളണമെന്ന് ഇസ്രേലി സേന ഉത്തരവിട്ടു. ജബലിയ അഭയാർഥി ക്യാന്പിലെ ജലശുദ്ധീകരണ പ്ലാന്റ് ഇസ്രേലി വ്യോമാക്രമണത്തിൽ നശിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള അൽ അമാൽ ആശുപത്രിക്കു സമീപം വ്യോമാക്രണം ഉണ്ടായതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. വിവേചനമില്ലാത്ത ഇസ്രേലി ബോംബിംഗിൽ ഗാസ തരിപ്പണമായതായി ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ ആരോപിച്ചു. ഗാസ ജനതയുടെ നാലിലൊന്നു വരുന്ന അഞ്ചു ലക്ഷം പേർ പട്ടിണിയെ അഭിമുഖീകരിക്കുന്നതായി ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പു നല്കി.
ഇതിനിടെയാണ് ഗാസയിൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കിയത്. അടിയന്തര വെടിനിർത്തലിനു പകരം ശത്രുത അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെടുന്നു. 15 അംഗ രക്ഷാസമിതിയിൽ യുഎസും റഷ്യയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. യൂറോപ്യൻ ശക്തികളായ ബ്രിട്ടനും ഫ്രാൻസും അടക്കം ശേഷിക്കുന്ന 13 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. യുദ്ധം തുടങ്ങിയശേഷം ഗാസാ വിഷയത്തിലെ പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത് ഇതാദ്യമാണ്. പ്രമേയത്തിൽ നിർദേശിക്കുന്നതുപോലെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറാകണമെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി ആവശ്യപ്പെട്ടു. പ്രമേയം അപര്യാപ്തമാണെന്ന് ഹമാസ് പ്രതികരിച്ചു.
Source link