കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് അഹങ്കാരത്തോടെ പറയാം, രാജ്യാന്തര ഏകദിനത്തിൽ മലയാളക്കരയ്ക്ക് സെഞ്ചുറിയുണ്ട് എന്ന്… അതെ, ഇന്ത്യൻ ദേശീയ ടീമിൽ ഏറ്റവും കൂടുതൽ തവണ കളിച്ച മലയാളി എന്ന റിക്കാർഡ് സ്വന്തമായുള്ള സഞ്ജു സാംസണിലൂടെ കേരളത്തിലേക്കും രാജ്യാന്തര സെഞ്ചുറിയെത്തി. ഇന്ത്യക്കുവേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കിയ സഞ്ജുവിനെ സുനിൽ ഗാവസ്കർ അടക്കമുള്ളവർ പ്രശംസകൊണ്ട് മൂടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ 114 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 108 റണ്‍സാണ് സഞ്ജു നേടിയത്. 78 റണ്‍സിന് ജയിച്ച് മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോൾ പ്ലെയർ ഓഫ് ദ മാച്ചായതും ഈ തിരുവനന്തപുരം സ്വദേശിയായിരുന്നു. ഗാവസ്കറിന്റെ വാക്കുകൾ സഞ്ജു സാംസണിന്റെ ബാറ്റിംഗ് കഴിവിനെ എക്കാലവും പ്രശംസിച്ച, പിന്തുണച്ച ആളാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറിയിലൂടെ ഇന്ത്യയെ ജയത്തിലെത്തിച്ചപ്പോൾ സുനിൽ ഗാവസ്കറിന്റെ വാക്കുകളിലും അതിന്റെ സന്തോഷം പ്രകടനമായിരുന്നു. “ഈ സെഞ്ചുറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും. ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിവുള്ള ആളാണ് അവൻ. അവന്റെ കഴിവിനെ കുറിച്ച് ഞങ്ങൾക്കെല്ലാം അറിയാം. അയാളുടെ കഴിവിനൊത്ത പ്രകടനം ഇപ്പോഴാണ് ഉണ്ടായത് ”- സുനിൽ ഗാവസ്കർ പറഞ്ഞു.
“വളരെ സന്തോഷത്തോടെയാണ് ഇവിടെ നിൽക്കാൻ സാധിക്കുന്നത്. സെഞ്ചുറി നേടിയെന്നതിനേക്കാൾ ഇന്ത്യയെ ജയിപ്പിക്കാൻ സാധിച്ചു എന്നതിൽ സന്തോഷിക്കുന്നു. ഈയൊരു നിമിഷത്തിനായി മാനസികമായും ശാരീരികമായും ഏറെ തയാറെടുപ്പ് നടത്തിയിരുന്നു’’ – മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ സഞ്ജു പറഞ്ഞു. എട്ടാമൻ സാംസണ് സെഞ്ചുറി നേടിയശേഷം ബൈബിളിലെ സാംസണിനെ അനുസ്മരിപ്പിച്ച് മസിൽപെരുപ്പിച്ച് കാണിച്ചാണ് സഞ്ജു ആഘോഷിച്ചത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ അവർക്കെതിരേ ഏകദിന സെഞ്ചുറിനേടുന്ന എട്ടാമനാണ് സഞ്ജു. ദക്ഷിണാഫ്രിക്കയിൽ അവർക്കെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയത് വിരാട് കോഹ്ലിയാണ് (3). ദക്ഷിണാഫ്രിക്കൻ മണ്ണിലെ രണ്ടാം ഇന്നിംഗ്സിലാണ് സഞ്ജുവിന്റെ സെഞ്ചുറി എന്നതും ശ്രദ്ധേയം. സച്ചിൻ തെണ്ടുൽക്കർ (22 ഇന്നിംഗ്സ്), രോഹിത് ശർമ (13 ഇന്നിംഗ്സ്), ശിഖർ ധവാൻ (11 ഇന്നിംഗ്സ്), സൗരവ് ഗാംഗുലി (ഒന്‍പത് ഇന്നിംഗ്സ്), ഡബ്ല്യു.വി. രാമൻ (അഞ്ച് ഇന്നിംഗ്സ്), യൂസഫ് പഠാൻ (മൂന്ന് ഇന്നിംഗ്സ്) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യക്കായി അവർക്കെതിരേ ഏകദിന സെഞ്ചുറി നേടിയ മറ്റ് താരങ്ങൾ.
Source link