ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യൻ വനിതകൾക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
മുംബൈ: വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ ഡ്രൈവിംഗ് സീറ്റിൽ. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏക ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നു വിക്കറ്റുകൾകൂടി ശേഷിക്കേ 157 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ദിവസം കളി നിർത്തുന്പോൾ ഏഴു വിക്കറ്റിന് 376 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചുറിയുമായി ദീപ്തി ശർമയും (70), പൂജാ വസ്ത്രാക്കറും (33) ആണ് ക്രീസിൽ. ഇരുവരും എട്ടാം വിക്കറ്റിൽ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സഖ്യമാണ് ഇന്ത്യയെ ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചത്. കളിച്ച നാലു ടെസ്റ്റിലും ദീപ്തി അർധ സെഞ്ചുറി നേടി. ദീപ്തി ശർമയ്ക്കു പുറമെ അർധ സെഞ്ചുറികൾ നേടിയ സ്മൃതി മന്ദാന (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കു നയിച്ചത്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 219 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഒരു വിക്കറ്റിന് 98 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്കായി സ്മൃതി മന്ദാന അർധ സെഞ്ചുറി നേടി. സ്നേഹ് റാണയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 50 റണ്‍സ് ചേർത്തു. റാണയെ (9) ആഷ്ലി ഗാർഡ്നർ ക്ലീൻബൗൾഡാക്കി. വൈകാതെതന്നെ സ്മൃതി റണ്ണൗട്ടായി. 106 പന്തിൽ 74 റണ്‍സ് നേടിയ മന്ദാനയുടെ ബാറ്റിൽനിന്ന് 12 തവണ പന്ത് ബൗണ്ടറി കടന്നു. റിച്ച ഘോഷ്-ജെമിമ റോഡ്രിഗസ് സഖ്യം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 113 റണ്‍സ് ഇന്ത്യൻ ഇന്നിംഗ്സിനു നട്ടെല്ലായി. 104 പന്തിൽ 52 റണ്‍സ് നേടിയ ഘോഷിനെ ഗാർത്ത് പുറത്താക്കി. ഒരുഘട്ടത്തിൽ 259ൽ മൂന്ന് എന്ന നിലയിലായിരുന്ന ഇന്ത്യ, 274 ആയപ്പോഴേക്കും നാല് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തി. 14 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം.
അർധ സെഞ്ചുറി തികച്ച റിച്ച ഘോഷ് പുറത്തായതിനു പിന്നാലെ എത്തിയവർക്കു ജെമിമയ്ക്കു മികച്ച കൂട്ടുകെട്ട് നൽകാനായില്ല. റണ്ണൊന്നുമെടുക്കാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും യസ്തിക ഭാട്യയെയും (ഒന്ന്) ഗാർഡ്നർ വിക്കറ്റിനു മുന്നിൽ കുരുക്കി. 121 പന്തു നേരിട്ട് 73 റണ്‍സ് നേടിയ ജെമിമ ഒന്‍പത് ഫോർ നേടി. തുടർച്ചയായി വിക്കറ്റ് വീണു തകർച്ചയെ നേരിട്ട ഇന്ത്യ ദീപ്തി ശർമ-വസ്ത്രാക്കർ എട്ടാം വിക്കറ്റ് സഖ്യം മതിലുപോലെ ഉറച്ചതോടെയാണ് മികച്ച ലീഡിലെത്തിയത്. ഓസീസ് ബൗളർമാർ തളരുകയും ചെയ്തു. ആഷ്ലി ഗാർഡ്നർ നാലു വിക്കറ്റ് വീഴ്ത്തി.
Source link