മരണം 20,000 പിന്നിട്ടു ; ഗാസാ ജനതയുടെ ഒരു ശതമാനം ഇല്ലാതായി
ടെൽ അവീവ്: ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ ജനസംഖ്യയുടെ ഒരു ശതമാനം വരുമിത്. ഹമാസ് ഭീകരരുടെയും സിവിലിയൻ ജനതയുടെയും മരണസംഖ്യ വേർതിരിച്ചു പറഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്ന് കുട്ടികളും സ്ത്രീകളുമാണ്. രണ്ടു മാസം പിന്നിട്ട യുദ്ധത്തിൽ ആയിരക്കണക്കിനു ഹമാസ് ഭീകരരെ വകവരുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ 2,000 ഭീകരരെ വധിച്ചു. അതേസമയം, ഇസ്രേലി സേന ഗാസയിൽ രൂക്ഷ ആക്രമണം തുടരുകയാണ്. സെൻട്രൽ ഗാസയിലെ അൽ ബുറെയ്ജിലുള്ളവർ ഉടനടി തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന നിർദേശിച്ചു. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലെ റാഫാ, ഖാൻ യൂനിസ് പ്രദേശങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി.
ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഉടനടി ഫലമുണ്ടാകില്ലെന്നു പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രേലി സേന ആക്രമണം നിർത്താതെ ബന്ദികളെ മോചിപ്പിക്കില്ലെന്നു ഹമാസ് പറഞ്ഞിട്ടുണ്ട്. ഗാസ ക്ഷാമത്തിന്റെ വക്കിലാണെന്ന് ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. യുദ്ധം അവസാനിച്ചിട്ടില്ലെങ്കിൽ ആറു മാസത്തിനകം ക്ഷാമമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ, വെടിനിർത്തൽ ആവശ്യപ്പെട്ട് ഒരു സംഘം യഹൂദർ ജറൂസലമിലെ യുഎസ് കോൺസുലേറ്റിനു മുന്നിൽ പ്രകടനം നടത്തി. യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ ചിത്രങ്ങളുമായിട്ടായിരുന്നു പ്രകടനം.
Source link