ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുൻ ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഹൻസികയും കോളജിലെ സുഹൃത്തുക്കളും ഒരുമിച്ചുള്ള വിഡിയോ മുറിച്ചെടുത്ത് ‘ഹോമോഫോബിയ’ക്കാർ എന്ന് ആക്ഷേപിച്ച് റിയാസ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. 18 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണെന്ന് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു. അറപ്പുളവാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അഹാന പറയുന്നു. വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയ്ക്കെതിരെ വരുന്ന അപവാദപ്രചാരണങ്ങൾക്കെതിരെ അഹാന എപ്പോഴും പ്രതികരിക്കാറുണ്ട് .
‘‘18 വയസ്സ് മാത്രം പ്രായമായ ഒരു പെൺകുട്ടിയെയും നിഷ്കളങ്കരായ അവളുടെ കോളജിലെ സഹപാഠികളെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിങ്ങൾക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്.’’– അഹാന കുറിച്ചു. ഇത് ഒട്ടും സഹിക്കാൻ കഴിയാത്ത അറപ്പുളവാക്കുന്ന ടോക്സിക് ആയ സൈബർ ബുള്ളിയിങ് ആണ്, നിങ്ങൾ ഫേക്ക് ഫെമിനിസ്റ്റുകളാണ് എന്ന ടാഗ്‍ലൈനോടെയാണ് അഹാന കുറിപ്പ് പങ്കുവച്ചത്.
അഹാനയ്ക്കു പിന്നാലെ സഹോദരി ദിയ കൃഷ്ണയും റിയാസിനെതിരെ രംഗത്തെത്തി. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു ദിയയുടെ പ്രതികരണം. ‘‘ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ്.’’–ഇതായിരുന്നു ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ്.
ഹൻസിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു വിഡിയോയിൽ നിന്നൊരു ഭാഗം അടര്‍ത്തിയെടുത്തായിരുന്നു റിയാസ് സലിം രംഗത്തുവന്നത്. ‘‘കൃഷ്ണാഷിയാൻ നമ്പർ 2 ഹോമോഫോബിയ, വിഡ്ഢികളായ സുഹൃത്തുക്കളോടൊപ്പം പങ്കുവച്ച വിഡിയോ. ഈ വീഡിയോ പുറത്തുവിടാൻ അവൾ കാണിച്ച ധൈര്യം അജ്ഞതകൊണ്ട് മാത്രമായാണ്. സ്വവർഗ പ്രണയികൾക്കെതിരെ പ്രതികരണം നടത്തുന്നത് സാമൂഹത്തിൽ തങ്ങളുടെ മാന്യത വർധിപ്പിക്കുമെന്ന് ഇന്നത്തെ കുട്ടികൾ തെറ്റിദ്ധരിക്കുന്നുണ്ടോ? എന്തൊരു നാണക്കേട് ആണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ വിഡിയോ കണ്ടപ്പോൾ ഒരു കുട്ടിയെ വിളിച്ച് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ കൃഷ്ണാഷിയൻസിന് (കർദാഷിയൻസ് 144 പി) എങ്ങനെ ബുദ്ധിജീവി കളിക്കുന്നു എന്നത് കണ്ടിടാണ് ഇപ്പോൾ പ്രതികരിക്കുന്നത്.’’–ഇതായിരുന്നു റിയാസ് സലിം വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചത്.
നേരത്തെ നടന്‍ കൃഷ്ണ കുമാര്‍ നടത്തിയ ഒരു പ്രസ്താവനക്കെതിരെ റിയാസ് രംഗത്തെത്തിയിരുന്നു. തൊട്ടുകൂടായ്മയേയും ജാതീയതേയും അഭിമാനത്തോടെയും നൊസ്റ്റാള്‍ജിയായും കാണുന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ക്കെതിരെയായിരുന്നു റിയാസ് പ്രതികരിച്ചത്.
മുൻപൊരിക്കൽ ഹൻസികയുടെ പേരിൽ ഫേക്ക് അക്കൗണ്ട് ആരംഭിച്ച ഒരാൾക്കെതിരെ അഹാന പ്രതികരിച്ചിരുന്നു. കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയമകളായ ഹൻസിക കൃഷ്ണ തിരുവനന്തപുരത്ത് ഒരു കോളജിലെ വിദ്യാർഥിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹൻസിക സഹപാഠികളോടൊപ്പമുള്ള വിഡിയോകൾ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്.
Source link