കായികരംഗത്തു നിന്ന് വിരമിച്ചതായി ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്കിന്റെ പ്രഖ്യാപനം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായി സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഗുസ്തിതാരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞ സാക്ഷി ബൂട്ട് ഊരി മേശപ്പുറത്ത് വച്ചാണ് ഇറങ്ങിപ്പോയത്. സാക്ഷി ബൂട്ട് ഊരിയതോടെ ഇന്ത്യയുടെ വനിതാ ഗുസ്തിക്കാണ് തിരിച്ചടിയായത്. 2016ലെ റിയോ ഒളിന്പിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിന്പിക്സ് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിന്പിക്സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. കോമണ്‍വെൽത്ത് ഗെയിംസിൽ മൂന്നു മെഡലുകൾ നേടി.
2022ൽ ബിർമിങാമിൽ സ്വർണം, 2014 ഗ്ലാസ്ഗോയിൽ വെള്ളി, 2018ൽ ഗോൾഡ് കോസ്റ്റിൽ വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടങ്ങൾ. ഏഷ്യൻ ഗെയിംസിൽ- 2015 ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2017 ന്യൂഡൽഹി- വെള്ളി, 2018ൽ ബിഷ്കെക്കിൽ വെങ്കലം, 2019 ഷിയാൻ- വെങ്കലം എന്നിങ്ങനെയായിരുന്നു മെഡൽ നേട്ടങ്ങൾ. കോമണ്‍വെൽത്ത് ചാന്പ്യൻഷിപ്പ്- 2013 ജൊഹന്നാസ്ബർഗ് വെങ്കലം, 2017ൽ ജൊഹന്നാസ്ബർഗ് സ്വർണം എന്നിങ്ങനെ നേട്ടങ്ങൾ കൈവരിച്ചു.
Source link