INDIALATEST NEWS

തോൽവിക്ക് കാരണം സംസ്ഥാന ഘടകങ്ങൾ വരുത്തിയ വീഴ്ച; ക്ഷോഭിച്ച് രാഹുൽ


ന്യൂഡൽഹി ∙ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പു തോൽവികളിൽ ക്ഷോഭം പ്രകടമാക്കിയ രാഹുൽ ഗാന്ധി, സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ് പരാജയത്തിനു കാരണമെന്നു വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തോൽവി സംബന്ധിച്ച് അതതു സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നവർ റിപ്പോർട്ട് വച്ചെങ്കിലും രാഹുൽ തൃപ്തനായില്ല. സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനോട് കടുത്ത അതൃപ്തി അറിയിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്നും അടിത്തറ മനസ്സിലാക്കാതെ അമിത ആത്മവിശ്വാസം കാട്ടിയെന്നും രാഹുൽ വിമർശിച്ചു. 
അതേസമയം, തെലങ്കാനയിലും കർണാടകയിലും സംസ്ഥാന ഘടകങ്ങൾ തിരഞ്ഞെടുപ്പിനായി നടത്തിയ ഒരുക്കത്തെയും മികവിനെയും പ്രശംസിക്കാനും രാഹുൽ മടിച്ചില്ല. തെലങ്കാനയിൽ ബിആർഎസിൽ നിന്നുൾപ്പെടെ നേതാക്കളെ അടർത്തിയെടുത്തതും ദൗർബല്യം തിരിച്ചറിഞ്ഞ് ശക്തിയും വ്യാപ്തിയും വർധിപ്പിക്കാൻ നടത്തിയ നീക്കങ്ങളും മുതിർന്ന നേതാക്കളെ ഉൾപ്പെടെയിരുത്തി രാഹുൽ എണ്ണിപ്പറഞ്ഞു. സോണിയ ഗാന്ധി മൗനം പാലിച്ചപ്പോൾ പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ചാണു പ്രസംഗിച്ചത്. 

സംസ്ഥാന നേതാക്കൾ പിന്നീടു വിശദീകരണത്തിനു ശ്രമിച്ചെങ്കിലും രാഹുൽ തൃപ്തനായില്ല. കമൽനാഥിനും ഹൈക്കമാൻഡിനും തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന ധ്വനിയോടെയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്‍വിജയ് സിങ്ങിന്റെ മറുപടി. ഡൽഹിയിൽ നിന്നയയ്ക്കുന്ന പാർട്ടി ജനറൽ സെക്രട്ടറിമാർക്ക് കമൽനാഥുമായി ഒത്തുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് ഒന്നിച്ചുപോകാനായില്ല. കമൽനാഥിന് പൂർണസ്വാതന്ത്ര്യം നൽകിയതു ശരിയായില്ല തുടങ്ങിയ വിമർശനങ്ങളും ദിഗ്‍വിജയ് സിങ് ഉയർത്തി. 

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് പാർട്ടി കടന്നിരിക്കെ, രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ആമുഖ പ്രസംഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇക്കാര്യം പറഞ്ഞു. പിന്നാലെ, പ്രവർത്തക സമിതിയിലെ മറ്റംഗങ്ങളും ആവശ്യമുന്നയിച്ചു. രാഹുൽ ഇതിനോടു നേരിട്ടു പ്രതികരിച്ചില്ല. യാത്രയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് ചിലർ പറഞ്ഞെങ്കിലും ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം പതിപ്പുണ്ടാകുമെന്ന് വ്യക്തമായി. ജനനിബിഡ കേന്ദ്രങ്ങളിൽ നടന്നും ബാക്കിയിടങ്ങളിൽ ബസ്സിലോ രഥത്തിലോ പോകണമെന്നും നിർദേശം വന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തുടങ്ങി ഗുജറാത്തിലേക്ക് എത്തുംവിധമായിരിക്കും യാത്ര. 

തീയതിയും എങ്ങനെ വേണമെന്നതും ഉൾപ്പെടെ കാര്യങ്ങൾ വൈകാതെ തീരുമാനിക്കുമെന്ന് പ്രവർത്തക സമിതി യോഗ തീരുമാനങ്ങൾ അറിയിക്കവേ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. 4 മണിക്കൂറോളം നീണ്ട യോഗത്തിൽ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരടക്കം 76 അംഗങ്ങൾ പങ്കെടുത്തു. 
സീറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും വോട്ട് ശതമാനം ശക്തമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതു പര്യാപ്തമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.  143 എംപിമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയെ പ്രവർത്തക സമിതി അപലപിച്ചു.

28ന് നാഗ്പുരിൽ റാലി; സമിതികൾ ഉടൻ
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളിലേക്ക് കടന്ന പാർട്ടി, ഈ മാസം തന്നെ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിക്കും. പ്രകടനപത്രിക തയാറാക്കുന്നതിനുള്ള മാനിഫെസ്റ്റോ കമ്മിറ്റി നാളെയ്ക്കകം രൂപീകരിക്കുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു. 

കഴിഞ്ഞ 3 മാസമായി തുടരുന്ന തിരഞ്ഞെടുപ്പ് അവലോകനം 23 സംസ്ഥാനങ്ങളിൽ പൂർത്തിയായി. ശേഷിക്കുന്നവയും ഉടൻ തീരും. ജനുവരി ആദ്യത്തോടെ സംസ്ഥാനതല കൺവൻഷനുകളും നടക്കും. പാർട്ടി അധ്യക്ഷനുൾപ്പെടെ നേതാക്കൾ പങ്കെടുക്കും. പാർട്ടിയുടെ സ്ഥാപക ദിനമായ 28ന് നാഗ്പുരിൽ വൻ റാലി സംഘടിപ്പിക്കും. 
പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യവുമായി ചേർന്നും പ്രത്യേക പരിപാടികൾ നടത്തും. പൊതുസ്ഥാനാർഥിയെ തീരുമാനിക്കുന്നതിന്റെ നടപടികളും വൈകാതെ പൂർത്തിയാക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു.


Source link

Related Articles

Back to top button