CINEMA

എന്റെ ‘പൊൻ’ അമ്മ: ആനിക്കൊപ്പം കവിയൂർ പൊന്നമ്മയെ കാണാനെത്തി ഷാജി കൈലാസ്

മലയാള സിനിമയുടെ ‘അമ്മ’യായ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കുവച്ച് സംവിധായകൻ ഷാജി കൈലാസ്. ഭാര്യ ആനിക്കൊപ്പമാണ്, ഇളയ സഹോദരനോടൊപ്പം വിശ്രമജീവിതം നയിക്കുന്ന കവിയൂർ പൊന്നമ്മയെ സന്ദർശിക്കാൻ ഷാജി കൈലാസ് എത്തിയത്. പ്രിയപ്പെട്ട പൊന്നു അമ്മക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം അമ്മയ്ക്ക് ഉണ്ടാകട്ടെ എന്നും ഷാജി കൈലാസ് കുറിച്ചു.  നിർമാതാവ് ആൽവിൻ ആന്റണിയും ഷാജി കൈലാസിനൊപ്പം ഉണ്ടായിരുന്നു.
‘‘എന്റെ പ്രിയപ്പെട്ട പൊന്നുഅമ്മയോടൊപ്പം വിലപ്പെട്ട സമയം ചിലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷങ്ങളാണിത്. സർവ ശക്തൻ എന്റെ ‘പൊൻ’അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.’’– ഷാജി കൈലാസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് നടി കവിയൂർ പൊന്നമ്മ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.  എന്നാൽ താൻ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ മനോരമ ന്യൂസിനോടു പറഞ്ഞു.  ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുവാനില്ലെന്നും മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ വെളിപ്പെടുത്തിയിരുന്നു.  

‘‘എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാർത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകൾ, അവരോട് എന്തു പറയാൻ. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം.’’ കവിയൂർ പൊന്നമ്മ പറഞ്ഞത്.

മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് ഇപ്പോൾ. ശാരദയും സീമയും ‘അമ്മ’യിൽ നിന്ന് ഇടവേള ബാബുവും അമേരിക്കയിൽ നിന്നും മകളും വിശേഷങ്ങൾ അന്വേഷിച്ച് വിളിക്കുന്നുണ്ട്.  ഇതിനിടെ വീട്ടിലെത്തിയ അതിഥികളിലൊരാള്‍ പകർത്തിയ കവിയൂർ പൊന്നമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് അവർ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. 
നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

English Summary:
Shaji Kailas and Annie visited Kaviyoor Ponnamma


Source link

Related Articles

Back to top button