പൊതുസ്ഥാനാർഥികൾ ജനുവരി 15ന് അകമെന്ന് ‘ഇന്ത്യ’; 28 ദിവസത്തിൽ സാധ്യമോ?

ന്യൂഡൽഹി ∙ 110 ദിവസംകൊണ്ടു ചെയ്യാൻ കഴിയാത്തത് 28 ദിവസംകൊണ്ടു സാധ്യമാകുമോയെന്ന ചോദ്യത്തിനാണ് ‘ഇന്ത്യ’ മുന്നണി ഉത്തരം തേടുന്നത്. പൊതുസ്ഥാനാർഥികളെ ജനുവരി 15ന് അകം തീരുമാനിക്കാനാണു മുന്നണിയിലെ ധാരണ. പാർട്ടികളുടെ ‘അനൈക്യം’ കഴിഞ്ഞദിവസത്തെ യോഗത്തിൽ നേരിട്ടു ബോധ്യപ്പെട്ട ചില നേതാക്കൾ ഇത് അസംഭവ്യം എന്നു രഹസ്യമായി സമ്മതിക്കുന്നു. ഇതിനിടെ ഉടക്കുകൾ പരസ്യമാക്കി ചില നേതാക്കളും രംഗത്തുവന്നു. അപ്പോഴും ചർച്ചകളിലേക്കു കടക്കുന്നുവെന്ന ശുഭാപ്തി വിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്.
ഇനിയുള്ള 28 ദിവസം
ബിജെപിക്കെതിരെ 440 സീറ്റിൽ പൊതുസ്ഥാനാർഥികളെ നിർത്താനും പരമാവധി സ്ഥാനാർഥികളെ ഒക്ടോബറിൽത്തന്നെ തീരുമാനിക്കാനും മുന്നണി ഔദ്യോഗികമായി തീരുമാനമെടുത്തത് സെപ്റ്റംബർ ഒന്നിനായിരുന്നു. പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും സെപ്റ്റംബർ 1 മുതൽ ഇന്നലെ വരെയുള്ള 110 ദിവസവും മുന്നണിബന്ധത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ ‘ഇന്ത്യ’യ്ക്കായില്ല. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ അസ്വാരസ്യങ്ങളുടെ പേരിൽ പല പാർട്ടികൾക്കും കോൺഗ്രസുമായുള്ള ബന്ധം ഉലയുകയും ചെയ്തു.
വെല്ലുവിളി മൂന്നുതരം
പൊതുസ്ഥാനാർഥി ചർച്ചയിൽ സീറ്റുകളെ മൂന്നായി തിരിച്ചാൽ മൂന്നിലും പ്രതിസന്ധി വ്യക്തമാണ്. ബംഗാൾ, പഞ്ചാബ്, ഡൽഹി, ജാർഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, പുതുച്ചേരി, മഹാരാഷ്ട്ര, കശ്മീർ, ലഡാക്ക് എന്നിവിടങ്ങൾ മുന്നണി സാധ്യതയുള്ളതോ ആവശ്യമായതോ ആയ സംസ്ഥാനങ്ങളാണ്. ഇവിടങ്ങളിൽ 256 മണ്ഡലങ്ങളുണ്ട്. എന്നാൽ, ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണമാകും.
എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ അംഗങ്ങൾ പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധം. മാണിക്കം ടാഗോർ, രാജ് മണി പട്ടേൽ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, അമീ യാഗ്നിക്, ഇമ്രാൻ പ്രതാപ്‌ഗഡി എന്നിവർ സമീപം.
കോൺഗ്രസിനു ശക്തമായ സ്വാധീനമുള്ളതും എന്നാൽ മറ്റ് ‘ഇന്ത്യ’ പാർട്ടികൾക്കു കാര്യമായ സ്വാധീനമില്ലാത്തതുമായ 134 സീറ്റുകൾ മറ്റൊരു ഗണത്തിലുണ്ട്. മധ്യപ്രദേശും രാജസ്ഥാനും മുതൽ ഗോവ വരെ ഇതിൽപെടുന്നു. മുന്നണി തീർത്തും സാധ്യമല്ലാത്ത 153 സീറ്റുകൾ വേറെയുണ്ട്. ബിആർഎസ് ശക്തികേന്ദ്രമായ തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്ര, ബിഎസ്പി പ്രത്യേകം നിൽക്കുന്ന യുപി, ജെജെപിക്ക് സ്വാധീനമുള്ള ഹരിയാന, ബിജെഡി ഭരിക്കുന്ന ഒഡീഷ എന്നിവിടങ്ങളിൽ ‘ഇന്ത്യ’ മുന്നണിക്കു ബിജെപി മാത്രമാകില്ല വെല്ലുവിളി.
കല്ലുകടിയുടെ കാരണങ്ങൾ
പൊതുസ്ഥാനാർഥി ചർച്ച തന്നെ സങ്കീർണമാകുമെന്നിരിക്കെ, പ്രധാനമന്ത്രിസ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടുന്ന കാര്യത്തിലും പാർട്ടികൾക്കിടയിലെ അതൃപ്തി പുറത്തുവന്നു. മല്ലികാർജുൻ ഖർഗെയുടെ പേര് തൃണമൂൽ നേതാവ് മമത ബാനർജി നിർദേശിച്ചത് ജെഡിയുവിലെ നിതീഷ് കുമാറിനെയും ആർജെഡിയിലെ ലാലു പ്രസാദ് യാദവിനെയും നോട്ടമിട്ടാണെന്നു കരുതുന്നവരുണ്ട്. നിതീഷ് പ്രധാനമന്ത്രിയാകണമെന്നാണ് ബിഹാറിന്റെയും പാർട്ടിയുടെയും ആഗ്രഹമെന്ന് ജെഡിയു എംപി സുനിൽ കുമാർ പിന്റു ഇന്നലെ അഭിപ്രായപ്പെടുകയും ചെയ്തു.
മോദിക്കെതിരെ പ്രിയങ്കയെ നിർദേശിച്ച് മമത
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന നിർദേശം മുന്നണിയോഗത്തിൽ മമത ബാനർജി മുന്നോട്ടുവച്ചു. ഇന്ത്യയുടെ പൊതുസ്ഥാനാർഥിയായി വാരാണസിയിൽ പ്രിയങ്ക നിൽക്കണമെന്ന് മമത പറഞ്ഞെങ്കിലും ഇതിനോട് ആരും പ്രതികരിച്ചില്ല. 2014 ലും 2019 ലും മോദി വമ്പൻ വിജയം നേടിയ മണ്ഡലമാണ് വാരാണസി. 2014 ൽ മോദിക്കെതിരെ കേജ്‌രിവാൾ മത്സരിച്ചെങ്കിലും 20% വോട്ട് മാത്രമാണു നേടാനായത്.
മമതയുടെ നിർദേശം തള്ളി സിപിഎം; തൃണമൂലുമായി സഖ്യമുണ്ടാക്കില്ല
കൊൽക്കത്ത ∙ ബിജെപിയെയും തൃണമൂലിനെയും പരാജയപ്പെടുത്തുക എന്ന സിപിഎമ്മിന്റെ നയം ബംഗാളിൽ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് പാർട്ടി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ സിപിഎമ്മുമായി സഖ്യത്തിനു തയാറാണെന്ന് കഴിഞ്ഞദിവസം ഇന്ത്യ മുന്നണി യോഗത്തിന് മുൻപായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഇതാണ് ബംഗാൾ സിപിഎം സെക്രട്ടറി നിരാകരിച്ചത്. ബദ്ധവൈരികളായ സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാമെന്ന് ആദ്യമായിട്ടാണ് മമത പറയുന്നത്.
ഓരോ സംസ്ഥാനത്തും പ്രധാന പാർട്ടികൾ ബിജെപിയെ നേരിടുകയും മറ്റുള്ളവർ അവരെ പിന്തുണയ്ക്കുകയും വേണമെന്നാണ് മമത ബാനർജി തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ പിൻതുണയ്ക്കണം.
തിരഞ്ഞെടുപ്പു സഖ്യമുണ്ടായാൽ പോലും രണ്ടോ മൂന്നോ സീറ്റിലധികം കോൺഗ്രസിനോ സിപിഎമ്മിനോ നൽകാൻ മമത തയാറാകില്ലെന്ന് തൃണമൂൽ കോൺഗ്രസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോൺഗ്രസിനും സിപിഎമ്മിനും നിയമസഭയിൽ പ്രാതിനിധ്യമില്ല.
Source link