ദുരഭിമാനക്കൊല: പാക് ദന്പതികൾക്ക് ഇറ്റലിയിൽ ജീവപര്യന്തം
റോം: ദുരഭിമാനക്കൊലയിൽ പാക്കിസ്ഥാൻ ദന്പതികൾക്ക് ഇറ്റാലിയൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുടുംബം നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കാതെ മറ്റൊരു പാക് വംശജനുമായി പ്രണയത്തിലായ സമാൻ അബ്ബാസ് (18) കൊല്ലപ്പെട്ട കേസിൽ മാതാപിതാക്കളായ ഷബ്ബാർ അബ്ബാസ്, നാസിയ ഷഹീൻ എന്നിവർക്കാണു ശിക്ഷ. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മാവൻ ഡാനിഷ് ഹുസൈന് 14 വർഷം തടവ് വിധിച്ചു. കുടുംബം 2016ൽ വടക്കൻ ഇറ്റലിയിലെ നൊവെല്ലാര പട്ടണത്തിലേക്കു കുടിയേറിയതാണ്. പാക്കിസ്ഥാനിൽ നിശ്ചയിച്ച വിവാഹത്തിനു സമ്മതിക്കാതെ പ്രണയം തുടർന്ന യുവതിയെ 2021 ഏപ്രിലിൽ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നര വർഷത്തിനുശേഷം 2022 നവംബറിൽ ഒരു ഫാം ഹൗസിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ മാതാപിതാക്കളും ബന്ധുക്കളും ഇറ്റലിയിൽനിന്നു കടന്നിരുന്നു. പിതാവ് അബ്ബാസിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത് ഇറ്റലിക്കു കൈമാറുകയായിരുന്നു. പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്നു കരുതുന്ന അമ്മ നാസിയ ഷഹീന്റെ അഭാവത്തിലാണു കോടതി ശിക്ഷവിധിച്ചത്. ഇറ്റലിയെ ഞെട്ടിച്ച കൊലപാതകത്തിനു പിന്നാലെ രാജ്യത്തെ ഇസ്ലാമിക യൂണിയൻ നിർബന്ധിത വിവാഹത്തിനെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്നു.
Source link