പിലിക്കോട് (കാസര്‍ഗോഡ്): രാജ്യത്തെ കായികപരിശീലകനുള്ള പരമോന്നത പുരസ്കാരമായ ദ്രോണാചാര്യ പുരസ്കാരം ഇന്ത്യന്‍ കബഡി ടീം പരിശീലകന് എടച്ചേരി ഭാസ്കരനെ തേടിയെത്തുമ്പോള്‍ അത് കാസര്‍ഗോഡിന്റെ കബഡി പെരുമയ്ക്കുകൂടിയുള്ള അംഗീകാരമായി. ഇത്തവണ ചൈനയിലെ ഹാങ്ഝൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയത് ഭാസ്കരന്റെ പരിശീലനമികവ് കൊണ്ടായിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി വെള്ളിമെഡലില്‍ ഒതുങ്ങാന്‍ കാരണക്കാരായ ഇറാനെ മലര്ത്തിയടിച്ചുതന്നെയായിരുന്നു ഇന്ത്യ സ്വര്‍ണം തിരിച്ചുപിടിച്ചത്. ബംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായ ഭാസ്കരനു കീഴിലായിരുന്നു 2010ല്‍ ഇന്ത്യന്‍ പുരുഷ ടീമും 2014ല്‍ വനിതാ ടീമും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്. കാസര്‍ഗോഡ് പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് സ്വദേശിയായ എടച്ചേരി ഭാസ്കരന്
2009ലാണ് ആദ്യമായി ഇന്ത്യന്‍ പരിശീലകനാകുന്നത്. അന്നുതന്നെ വിയറ്റ്നാം ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീമിനു കിരീടം നേടിക്കൊടുത്തിരുന്നു. പ്രോ കബഡി ലീഗില്‍ 2014 മുതല്‍ തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ യു മുംബൈ ടീമിന്റെ പരിശീലകനായിരുന്നു. ഈ കാലയളവില്‍ ടീമിനെ ഒരുവട്ടം ചാമ്പ്യന്മാരും രണ്ടുതവണ റണ്ണേഴ്സ് അപ്പുമാക്കി. മുന്‍ ദേശീയ താരംകൂടിയായ ഭാസ്കരന് ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് ഓണററി ക്യാപ്റ്റനായാണു വിരമിച്ചത്. ഭോപ്പാല്‍ മിലിട്ടറി ഇഎംഇയില്‍ സുബേദാര്‍ മേജറായിരുന്നു. വിദ്യാര്‍ഥിയായിരിക്കേ കൊടക്കാട് വെള്ളച്ചാല്‍ റെഡ്സ്റ്റാര്‍ ടീമിലൂടെയാണ് കളിക്കളത്തിലെത്തിയത്. പയ്യന്നൂര്‍ കോളജിനും കാലിക്കട്ട് സര്‍വകലാശാലയ്ക്കും വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. അജിതയാണു ഭാര്യ. അഭിജിത്ത്, അഞ്ജു എന്നിവര്‍ മക്കളാണ്.
Source link