ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു; അർജുന പുരസ്കാരം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും, ദ്രോണാചാര്യ ഇ. ഭാസ്കരന്
ന്യൂഡൽഹി: 2023ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിനും 2023 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ പേസ് ആക്രമണം നയിച്ച മുഹമ്മദ് ഷമിക്കും അർജുന പുരസ്കാരം ലഭിച്ചു. ലോകകപ്പിൽ 24 വിക്കറ്റ് പിഴുതുകൊണ്ടാണ് ഷമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് ആക്രമണം നയിച്ചത്. ഇന്ത്യൻ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക സായ് രാജ് എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം ലഭിച്ചു. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമഗ്രസംഭാവന) കബഡി കോച്ച് ഇ. ഭാസ്്കരൻ അർഹനായി. ഇന്ത്യൻ കബഡി ടീമുകളെ പരിശീലിപ്പിക്കുന്ന ഇടച്ചേരി ഭാസ്കരൻ കാസർഗോഡ് സ്വദേശിയാണ്. മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത ഇദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്കാരം ഏറെ വൈകിയെത്തിയ നേട്ടമാണ്. പ്രോ കബഡിയിൽ യു മുന്പയുടെയും തമിഴ് തലൈവയുടെയും പരിശീലകനായിരുന്നു. ഇന്ത്യൻ മുൻതാരംകൂടിയായ ഭാസ്കരൻ.
ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2024 പാരീസ് ഒളിന്പിക്സിന് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ മുൻ താരങ്ങളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. 2023ലെ അർജുന അവാർഡ് ജേതാക്കൾ: ഓജസ് പ്രവീണ്‍ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി), എം. ശ്രീശങ്കർ (അത്ലറ്റിക്സ്), പാരുൾ ചൗധരി (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിംഗ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്രീൻ (ഖോ ഖോ), പിങ്കി (ലോണ്‍ ബോൾ), ഐശ്വരി പ്രതാപ് സിംഗ് തോമർ (ഷൂട്ടിംഗ്), ഈഷ സിംഗ് (ഷൂട്ടിംഗ്), ഹരീന്ദർ പാൽ സിംഗ് സന്ധു (സ്ക്വാഷ്), ഐഹിക മുഖർജി (ടേബിൾ ടെന്നീസ്), സുനിൽ കുമാർ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്ഢി (ബ്ലൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനോയിംഗ്).
Source link