ധ്യാനിന്റെ പിറന്നാൾ ദിനത്തിൽ പുലർച്ചെ രണ്ട് മണിക്ക് പാക്കപ്പ് പറഞ്ഞ് വിനീത് ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.  പ്രണവ്  മോഹന്‍ലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം കൊണ്ടാണ് വിനീതും സംഘവും പൂര്‍ത്തിയാക്കിയത്. ആത്മാർഥതയുള്ള ഒരു കൂട്ടം സിനിമാപ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് പാക്കപ്പ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ചു.  സൂപ്പർ ഹിറ്റായ ‘ഹൃദയ’ത്തിന് ശേഷം പ്രണവിനെയും കല്യാണിയേയും നായികാനായകന്മാരാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നുണ്ട്.  

‘‘ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥതയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ട് എന്നുള്ളതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ സിനിമാ നിർമ്മാണ പ്രക്രിയ എത്ര മനോഹരമായി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തെളിയിച്ചു തന്ന സിനിമയാണിത്. നിങ്ങൾ പ്രകൃതിയെയും വെളിച്ചത്തിന്റെ കിരണങ്ങളേയും ബഹുമാനിക്കുമ്പോൾ അത് നിങ്ങൾക്ക് അമൂല്യമായ ഒന്ന് മടക്കിനൽകും. അത് നിങ്ങൾക്ക് അതിന്റെ മാജിക് കാണിച്ചുതരും.  എന്നെ സംബന്ധിച്ചിടത്തോളം ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ അത് എനിക്ക് ഒന്നുകൂടി വെളിപ്പെടുത്തിത്തന്നു. ഞങ്ങളുടെ ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങും.’’ വിനീത് ശ്രീനിവാസൻ കുറിച്ചു.

‘‘നമ്മുടെ സിനിമ ഇന്ന് പൂർത്തിയാവുകയാണ്. വർഷങ്ങൾക്ക് ശേഷം 40 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഉള്ള  ചിത്രമാണിത്. എന്നാൽ എല്ലാ ഡിപ്പാർട്ട്മെന്റും ഒരുമയോട് പ്രവർത്തിച്ചതുകൊണ്ടാണ് ചിത്രം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. 300ൽ അധികം ജൂനിയർ ആർടിസ്റ്റിനെ വച്ച് രാവിലെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. എല്ലാ ഡിപ്പോർട്ട്മെന്റിനും എന്റെ നന്ദി അറിയിക്കുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’’–പാക്കപ്പ് വിഡിയോയിൽ വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ചിത്രീകരണത്തില്‍ പങ്കെടുത്തത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ സഹകരിച്ചിട്ടുണ്ട്. ‘ഹൃദയ’ത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് വർഷങ്ങൾക്ക് ശേഷം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും. പ്രണവിനും കല്യാണിക്കും ധ്യാന്‍ ശ്രീനിവാസനുമൊപ്പം അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നീരജ് മാധവ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. 2024 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.

English Summary:
Varshangalkku Shesham Movie Shooting Completed


Source link
Exit mobile version