INDIALATEST NEWS

പൊതുസേവകരെ കൊലപ്പെടുത്തിയാൽ ഇനി ഭീകരപ്രവർത്തനം

ന്യൂഡൽഹി∙ ഇന്ത്യൻ ശിക്ഷാനിയമം പരിഷ്കരിക്കുന്നതിനുള്ള 3 സുപ്രധാന ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി സഭ ബഹിഷ്കരിച്ചതിനാൽ എൻഡിഎ അംഗങ്ങളും ബിജെഡി, വൈഎസ് ആർ കോൺഗ്രസ്, ബിഎസ്പി തുടങ്ങിയ പാർട്ടികളുടെ അംഗങ്ങളും മാത്രമാണു ചർച്ചയിൽ പങ്കെടുത്തത്. ചർച്ച ഇന്നും തുടരും. 
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു വെല്ലുവിളി ഉയർത്തുകയോ വെല്ലുവിളിക്കുള്ള സാധ്യതയുണ്ടെന്നു തോന്നുകയോ ചെയ്താലും ഭീകരവാദ പ്രവർത്തനമായി കാണണമെന്ന പുതിയ വ്യവസ്ഥ ഇതിലുണ്ട്. പൊതുസേവകരെ കൊലപ്പെടുത്തുന്നതും ഭീകരവാദ കുറ്റമാകും. ഭാരതീയ ന്യായ (രണ്ടാം) സംഹിത എന്ന പേരും മറ്റു വകുപ്പുകളും പൂർണമായും നിലനിർത്തിയാണ് അമിത് ഷാ പുതിയ ബിൽ അവതരിപ്പിച്ചത്. പുകയാക്രമണത്തിനു ശേഷം ഷാ ഇതാദ്യമായാണു സഭയിലെത്തുന്നത്. 

വിവാഹേതര ലൈംഗികബന്ധവും സ്വവർഗരതിയും വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും അതുൾപ്പെടുത്തിയില്ല. തീവ്രവാദ നിയമം വിശദീകരിക്കുന്ന വകുപ്പിന്റെ (പുതിയ ബില്ലിൽ 113–ാം വകുപ്പ്) ഘടനയിലുൾപ്പെടെ മാറ്റം വരുത്തിയതൊഴിച്ചാൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിൽനിന്നു കാര്യമായ വ്യത്യാസമില്ല. ഭാരതീയ ന്യായ സംഹിതയ്ക്കു പുറമേ ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) ബിൽ (ക്രിമിനൽ നടപടിച്ചട്ടം പരിഷ്കരിക്കാൻ), ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ (ഇന്ത്യൻ തെളിവു നിയമം പരിഷ്കരിക്കാൻ) എന്നിവയുടെയും പരിഷ്കരിച്ച ബില്ലുകൾ അമിത് ഷാ സഭയിൽ അവതരിപ്പിച്ചു. 

ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്നത് 3 വർഷം കൂടി നീട്ടുന്ന ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഡൽഹിയിൽ നിന്നുള്ള ബിജെപി അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനോപകാരപ്രദമായ നീക്കമാണിതെന്ന് ചർച്ചയിൽ പറഞ്ഞു. 

ജിഎസ്ടി അപ്​ലറ്റ് ട്രൈബ്യൂണൽ രൂപീകരണവുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലും ബജറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ്, എക്സൈസ് നികുതികൾക്കു പ്രാബല്യം നൽകാനുള്ള ബില്ലും ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.

English Summary:
Killing public servants is now an act of terrorism


Source link

Related Articles

Back to top button