വെറുതെയോ ഈ കോടിക്കിലുക്കം…
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരലേലത്തിനാണ് ഇന്നലെ ദുബായിലെ കൊക്ക-കോള അരീന സാക്ഷ്യംവഹിച്ചത്. ഇന്ത്യക്കു പുറത്തു നടന്ന ആദ്യ ഐപിഎൽ ലേലം, ലേലം നിയന്ത്രിക്കാൻ ആദ്യമായി ഒരു വനിത (മല്ലിക സാഗർ) തുടങ്ങിയ പ്രത്യേകതകളോടെയാണ് 17-ാം ലേലം അരങ്ങേറിയത്. ചരിത്രത്തിൽ ആദ്യമായി 2024 ലേലത്തിൽ രണ്ട് കളിക്കാർ 20 കോടിയിൽ അധികം തുകയ്ക്ക് വിറ്റഴിയപ്പെട്ടു എന്നതും ശ്രദ്ധേയം. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും (20.50) പേസർ മിച്ചൽ സ്റ്റാർക്കുമാണ് (24.75) റിക്കാർഡ് തുകയ്ക്ക് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. 2008ൽ ഒരു ടീമിന് 20 കോടി മാത്രം പ്രഥമ ഐപിഎല്ലിൽ ഒരു ടീമിനു മുഴുവനായുള്ള ലേലത്തുകയായിരുന്നു 20 കോടി രൂപ. 2024ൽ എത്തിയപ്പോൾ ഒരു താരത്തിന് 20 കോടിയിൽ കൂടുതൽ ലേലംകൊള്ളാൻ ഫ്രാഞ്ചൈസികൾ തയാറാകുന്നു എന്നതും ശ്രദ്ധേയം. ഇതോടെ കോടിക്കൊന്നും വിലയില്ലേ എന്ന ചോദ്യം ക്രിക്കറ്റ് ആരാധകരിലുമുണ്ടായി. 2023 ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ലേലം ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനുവേണ്ടിയായിരുന്നു. 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സാം കറനെ സ്വന്തമാക്കി. 14 മത്സരത്തിലായി 276 റണ്‍സും 10 വിക്കറ്റും മാത്രമായിരുന്നു 2023 ഐപിഎല്ലിൽ സാം കറന്റെ പ്രകടനം.
2023ലെ മറ്റൊരു വിലയേറിയ താരം മുംബൈ ഇന്ത്യൻസ് 17.50 കോടി മുടക്കി സ്വന്തമാക്കിയ ഓസീസ് ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീനായിരുന്നു. 16 മത്സരത്തിൽ ഇറങ്ങിയ കാമറൂണ്‍ ഗ്രീൻ 452 റണ്‍സും ആറ് വിക്കറ്റും കഴിഞ്ഞ സീസണിൽ നേടി. ഐപിഎൽ ചരിത്രത്തിലെ മറ്റൊരു വിലയേറിയ താരം 2023ൽ ചെന്നൈ സൂപ്പർ കിംഗ്സ് 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആയിരുന്നു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് സ്റ്റോക്സ് കളിച്ചത്. 15 റണ്‍സ് നേടിയ സ്റ്റോക്സിന് വിക്കറ്റൊന്നും ലഭിച്ചുമില്ല. ചുരുക്കത്തിൽ കോടിക്കിലുക്കവുമായി ഐപിഎല്ലിൽ ഇതുവരെ എത്തിയ ഒരു താരവും അതിനൊത്ത പ്രകടനം കാഴ്ചവച്ചിട്ടില്ല. ഈ ചരിത്രം മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമ്മിൻസിനും തിരുത്താൻ സാധിക്കുമോ എന്നതാണ് ഇനിയറിയേണ്ടത്.
Source link