ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്ക്

ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന നേട്ടം ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനു സ്വന്തം. സഹതാരവും പേസ് സഖ്യവുമായ പാറ്റ് കമ്മിൻസിന്റെ പേരിലായ റിക്കാർഡ് മിനിറ്റുകൾക്കകം സ്വന്തമാക്കി സ്റ്റാർക്ക് സ്റ്റാറായി. 2024 ഐപിഎൽ ലേലത്തിൽ 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമായി അത്. 2023ൽ പഞ്ചാബ് കിംഗ്സ് ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ 18.50 കോടിക്ക് സ്വന്തമാക്കിയ റിക്കാർഡാണ് കമ്മിൻസ് തിരുത്തിയത്. കമ്മിൻസിന്റെ ലേലത്തിനു പിന്നാലെ മിച്ചൽ സ്റ്റാർക്കിനുവേണ്ടിയുള്ള വിളി ആരംഭിച്ചു. 24.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാർക്കിനെ സ്വന്തമാക്കിയതോടെ പുതിയ ചരിത്രം പിറന്നു. എന്നാൽ, ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 20 കോടി ലേലത്തുക കടന്ന താരം എന്ന നേട്ടം കമ്മിൻസിനു സ്വന്തം. ഒന്‍പത് വർഷത്തിനു ശേഷമാണ് സ്റ്റാർക്ക് ഐപിഎല്ലിൽ എത്തുന്നത്. ഒരു ദശാബ്ദത്തിനുശേഷം കെകെആറിലേക്ക് തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയം. 2022നുശേഷം പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് സീസണ് ആണ് 2024 എന്നതും ശ്രദ്ധേയം. ചൂടേറിയ ലേലം സ്റ്റാർക്കിന്റെ അടിസ്ഥാനവില രണ്ട് കോടി രൂപയായിരുന്നു. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് സ്റ്റാർക്കിനായി ആദ്യം ലേലത്തിലുണ്ടായിരുന്നത്. ലേലം 9.6 കോടി എത്തിയതോടെ ഡൽഹി പിന്മാറി. അതോടെ കോൽക്കത്ത രംഗത്ത്. 9.8 കോടിയിൽ മുംബൈയും പിന്മാറി. അതോടെ ഗുജറാത്ത് ടൈറ്റൻസും രംഗത്ത്. ഇരു ഫ്രാഞ്ചൈസിയും തമ്മിലുള്ള വാശിയേറിയ ലേലത്തിനൊടുവിൽ 24.75 കോടി രൂപയ്ക്ക് കോൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കി.
പന്ത് സ്വിംഗ് ചെയ്യാനുള്ള കഴിവ്, വേഗം കൂട്ടിയും കുറച്ചും ലൈനും ലെംഗ്തും നിലനിർത്താനുള്ള വൈദഗ്ധ്യം തുടങ്ങിയ മേന്മകളുള്ള ഇടംകൈ പേസറാണ് മിച്ചൽ സ്റ്റാർക്ക്. ഇതാണ് ഫ്രാഞ്ചൈസികളെ ഇത്രമേൽ ആകർഷിച്ചത്. ഐപിഎല്ലിൽ സ്റ്റാർക്ക് 2014ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സ്റ്റാർക്ക് ഐപിഎല്ലിൽ ആദ്യമായി എത്തിയത്. ആ സീസണിൽ 14 മത്സരങ്ങളിൽ 14 വിക്കറ്റും 85 റണ്‍സും നേടി. 2015ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജഴ്സിയിലായിരുന്നു താരം കളിച്ചത്. 13 മത്സരങ്ങളിൽ 20 വിക്കറ്റും 11 റണ്‍സുമായിരുന്നു 2015 സീസണിലെ പ്രകടനം. പരിക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പിന്നീട് ഐപിഎല്ലിൽനിന്ന് വിട്ടുനിന്നു. 2018ൽ 9.40 കോടി രൂപയ്ക്ക് കോൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കി. എന്നാൽ, പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു.
Source link