24.75 കോടിക്ക് സ്റ്റാർക്കിനെ സ്വന്തമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിൽ 24.75 കോടി രൂപയ്ക്ക് സ്റ്റാർക്കിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണു സ്റ്റാർക്കിനെ കെകെആർ തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഐപിഎല്ലിലെ വിലയേറിയ താരമെന്ന റിക്കാർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഈ റിക്കാർഡ് മറ്റൊരു ഓസ്ട്രേലിയൻതാരമായ മിച്ചൽ സ്റ്റാർക്ക് തകർത്തത്. 20.5 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ കളിക്കാരായിരിക്കുകയാണ് ഈ ഓസ്ട്രേലിയക്കാർ. ഐപിഎൽ ലേലചരിത്രത്തിൽ 20 കോടി രൂപ കടന്ന ആദ്യ കളിക്കാരായിരിക്കുകയാണ് സ്റ്റാർക്കും കമ്മിൻസും. 2015ലാണ് സ്റ്റാർക്ക് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. 2018ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെത്തുടർന്ന് ഒരു മത്സരം പോലും കളിക്കാതെ മടങ്ങുകയായിരുന്നു. ലേലം വിളിയിൽ രണ്ടു കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന സ്റ്റാർക്കിനായി തുടക്കത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമാണു ശക്തമായി രംഗത്തുവന്നത്. താരത്തിന്റെ വില പത്ത് കോടി പിന്നിട്ടതോടെ ഇരു ഫ്രാഞ്ചൈസികളും ലേലം വിട്ടു.
Source link