‘ആദ്യം അവഗണിച്ച സംവിധായകൻ വിഡിയോ കോളില്‍ ലാലിനെ കണ്ടതും ബഹുമാനിക്കാൻ തുടങ്ങി’

അന്യഭാഷകളിൽ മോഹന്‍ലാലിനുള്ള സ്വീകാര്യത വെളിപ്പെടുത്തി നടൻ സിദ്ദീഖ്. തമിഴ് സിനിമാ സെറ്റിൽ മോഹന്‍ലാലിനെ താന്‍ വിഡിയോ കോള്‍ ചെയ്യുന്നത് കണ്ടത് മുതല്‍ സംവിധായകനടക്കം എല്ലാവര്‍ക്കും തന്നോട് ബഹുമാനമായി എന്നാണ് സിദ്ദീഖ് പറയുന്നത്. മോഹൻലാൽ സുഹൃത്താണെന്ന് അറിയുന്നതുവരെ ആ തമിഴ് സംവിധായകൻ തന്നെ മൈൻഡ് ചെയ്തിരുന്നില്ലെന്നും മോഹൻലാലുമായുള്ള വിഡിയോ കോൾ കണ്ടതിന് ശേഷം തന്റെ അടുത്തുനിന്നും അദ്ദേഹം മാറിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. സില്ലി മോങ്ക്സിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘‘തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയി. ജീവയാണ് അതിൽ നായകൻ. സംവിധായകൻ കെ.എസ്. രവികുമാർ അതിൽ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് ഞാൻ കണ്ടപ്പോൾ ഗുഡ് മോർണിങ് പറഞ്ഞു. എന്നാൽ അയാൾ എന്നെ മൈൻഡ് ചെയ്‌തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊന്നും അയാള്‍ എന്നോട് സംസാരിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.
രണ്ടാമത്തെ ദിവസം ലാൽ എന്നെ വിഡിയോ കോൾ ചെയ്‌തു. ഞങ്ങൾ സാധാരണ ഇടക്ക് വിഡിയോ കോൾ ചെയ്യാറുണ്ട്. ലാൽ എന്തോ കാര്യം പറയാൻ വേണ്ടി എന്നെ വിളിച്ചതാണ്. ആ സമയത്ത് ജീവ എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. അപ്പോൾ ഞാൻ ഫോണിൽ ലാലിനോട് ‘ലാലിന്റെ ഒരു ഫ്രണ്ട് എന്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോൺ ജീവയുടെ നേരെ കാണിച്ചു.
ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാൽ സാർ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീർത്തിചക്രയിൽ അവർ ഒരുമിച്ച് അഭിനയിച്ചതാണ്. കീർത്തിചക്രയിലെ എന്തോ കാര്യമാണ് അവർ പരസ്‌പരം സംസാരിച്ചത്.
ഇതുകണ്ട് കെ.എസ്. രവികുമാർ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഈ ഫോൺ തട്ടിപറിച്ച് ‘ലാൽ സാർ, എപ്പടി ഇറുക്ക് സാർ. റൊമ്പ ആസൈ സാർ, ഒരു വാട്ടി പാക്കണം എന്നൊക്കെ പറയാൻ തുടങ്ങി. അപ്പോൾ ലാൽ പുള്ളിയോട് സംസാരിച്ചു. പിന്നെ ശരണ്യ പൊൻവണ്ണൻ ഉണ്ടായിരുന്നു, ശരണ്യയോടും ലാൽ സംസാരിച്ചു. ഞങ്ങൾ അന്ന് സംസാരിച്ചു ഫോൺ വച്ചു.
പിറ്റേന്ന് മുതൽ കെ.എസ്. രവികുമാർ എന്നെ കണ്ടാൽ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി. ഇന്നലെ വരെ മൈൻഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടയ്ക്ക് പുള്ളി വന്നിട്ട് ‘സാർ, ലാൽ സാർ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാൻ പറഞ്ഞു. ‘അല്ലെ, നീങ്ക അവ്ളോ ക്ലോസാ സാർ’ എന്നൊക്കെ ചോദിച്ചു തുടങ്ങി.
പിന്നെ ഷൂട്ടിങ് അവസാനിക്കും വരെ ഇങ്ങനെ ചോദിക്കാൻ തുടങ്ങി. ‘ലാൽ സാർ എപ്പടി ഇറുക്ക്’ എന്ന് ദിവസവും ചോദിക്കും. നമ്മൾ ലാലിന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മൾക്ക് അതിന്റെ വില അധികം മനസിലാവില്ല. ഞാൻ ലാലിന്റെ വീഡിയോ കോൾ കണ്ടാൽ എഴുന്നേറ്റ് നിൽക്കില്ല. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെയല്ല.”–സിദ്ദീഖ് പറഞ്ഞു.
English Summary:
Siddique about Mohanlal
Source link