പുകയാക്രമണം: ‘മെറ്റ’യോട് വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡൽഹി ∙ പാർലമെന്റ് പുകയാക്രമണക്കേസിൽ അറസ്റ്റിലായ 6 പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാൻ ഡൽഹി പൊലീസ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയോട് ആവശ്യപ്പെട്ടു. അറസ്റ്റിലായവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഇവർ പരിചയപ്പെട്ട ‘ഭഗത്‌സിങ് ഫാൻ ക്ലബ്’ എന്ന ഗ്രൂപ്പും നീക്കിയ നിലയിലാണ്. ഇതിന്റെയെല്ലാം വിശദാംശങ്ങളാണു ചോദിച്ചിരിക്കുന്നത്.
പാർലമെന്റിൽ പ്രതിഷേധിച്ച സാഗർ ശർമ, മനോരഞ്ജൻ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ, സംഭവത്തിന്റെ സൂത്രധാരനെന്നു പൊലീസ് പറയുന്ന ലളിത് ഝാ, ഇവരെ സഹായിച്ച മഹേഷ് കുമാവത്ത് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഇവർക്കു സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു.
വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലെ ഇവരുടെ ഇടപാടുകൾ വിശകലനം ചെയ്യേണ്ടതുണ്ടെന്നു ഡൽഹി പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം പറഞ്ഞു. മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് 3 കമ്പനികളും.
രാജസ്ഥാനിലെ നാഗൗറിൽ വച്ചു കൂട്ടാളികളുടെ മൊബൈൽ ഫോണുകൾ കത്തിച്ചുകളഞ്ഞ ലളിത് ഝാ, തന്റെ ഫോൺ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. കത്തിനശിച്ച ഫോണിന്റെ ഭാഗങ്ങൾ എന്തെങ്കിലും വിവരങ്ങൾ കിട്ടുമോയെന്നറിയാൻ ഫൊറൻസിക് വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്.
സുരക്ഷാച്ചുമതല: ആളെ തേടി കേന്ദ്രം
ലോക്സഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലേക്ക് ഉചിതമായ പേരുകൾ ശുപാർശ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചു. പാർലമെന്റിലെ പുകയാക്രമണത്തിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തു നൽകിയത്. ഐജി തസ്തികയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിലേക്കു ഡപ്യൂട്ടേഷനിൽ ശുപാർശ ചെയ്യാനാണു നിർദേശം. നാളെയാണ് അവസാന തീയതി. പദവി 48 ദിവസമായി ഒഴിഞ്ഞു കിടക്കുകയാണ്.
English Summary:
Parliament Security Breach: Government of India seeks information from ‘META’
Source link