INDIALATEST NEWS

സുപ്രീം കോടതി പറഞ്ഞു; പ്രതിപക്ഷ ശബ്ദം ഒഴിവാക്കൽ ഭരണഘടനാ വിരുദ്ധം

ന്യൂഡൽഹി∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ ഇല്ലെങ്കിലും കുഴപ്പമില്ലെന്നു തെളിയിച്ച രണ്ടാം മോദി സർക്കാർ, പ്രതിപക്ഷമില്ലെങ്കിലും സഭകൾ പ്രവർത്തിക്കുമെന്നുകൂടി തെളിയിക്കാനുള്ള പുറപ്പാടിലാണ്.  രാജ്യസഭയിൽ ‘ഇന്ത്യ’ മുന്നണി പാർട്ടികൾക്ക് ആകെയുള്ള 98 പേരിൽ 46 പേരും ലോക്സഭയിലെ 139 ൽ 46 പേരും സസ്പെൻഷനിലാണ്.  
ഇത്രയധികം പേർ പാർലമെന്റിൽ നിന്ന് ഒരേ സമയം സസ്പെൻഷനിലാകുന്നത് ഇതാദ്യം. 1989 മാർച്ച് 15ന് ലോക്സഭയിൽ നിന്ന് 63 പേരെ പുറത്താക്കിയത് ഇന്ദിര ഗാന്ധിയുടെ വധത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം.പി.തക്കർ കമ്മിഷന്റെ റിപ്പോർട്ട് സഭയിൽ വയ്ക്കാത്തതിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ്. അന്നു സസ്പെൻഷൻ 3 ദിവസത്തേക്കായിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടവർ ക്ഷമപറഞ്ഞതോടെ രണ്ടാം ദിവസംതന്നെ നടപടി പിൻവലിച്ചു. 

ലോക്സഭയിലുണ്ടായ പുകയാക്രമണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണു പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയത്. ഈ ആവശ്യം അംഗീകരിച്ചാൽ പ്രശ്നം തീരുമായിരുന്നു. എന്നാൽ‍, അതിനു തയാറാകാതിരുന്ന ആഭ്യന്തര മന്ത്രിയും ഒപ്പം പ്രധാനമന്ത്രിയും പാർലമെന്റിനു പുറത്തു വിഷയത്തെക്കുറിച്ച് നിലപാടു വ്യക്തമാക്കുകയും ചെയ്തു. 

പ്രധാനമന്ത്രിയും മന്ത്രിമാരും  സമ്മേളനകാലത്തു പാർലമെന്റിനു പുറത്ത് പ്രസ്താവനകൾ നടത്തുന്നത് അവകാശലംഘനമായാണ് കണക്കാക്കാറുള്ളത്. പാർലമെന്റ് സമ്മേളനകാലത്ത് കേന്ദ്ര മന്ത്രിസഭ ചേർന്നാൽ തീരുമാനങ്ങൾ പരസ്യപ്പെടുത്താത്തത് ഇക്കാരണത്താലാണ്. 

സഭകളുടെ സമ്മേളന കാലാവധി അവസാനിക്കുംവരെ സസ്പെൻഷൻ എന്നതു പുതിയ കാര്യമല്ല. നിലവിലുള്ള രീതിയാണ്. എന്നാൽ ലോക്സഭയിൽ 3 പേരുടെയും രാജ്യസഭയിൽ 11 പേരുടെയും കാര്യത്തിൽ, അവകാശ സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഷൻ എന്നു വ്യക്തമാക്കിയിട്ടുണ്ട്. സഭാ സമിതി റിപ്പോർട്ട് നൽകാൻ 3 മാസമെന്ന സമയപരിധി കൂടി രാജ്യസഭയിൽ പറഞ്ഞിട്ടുണ്ട്. ഫലത്തിൽ, ബജറ്റ് സമ്മേളനത്തിലും 14 പേർ സസ്പെൻഷനിൽ തുടരാമെന്ന സ്ഥിതിയായി.  ഇത്തരത്തിലുള്ള അനിശ്ചിതകാല സസ്പെൻഷൻ ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അനിശ്ചിതകാലത്തേക്കു രാജ്യസഭയിൽനിന്നു പുറത്താക്കിയതു ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടിയിലെ രാഘവ് ഛദ്ദ നൽകിയ ഹർജി കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി പരിഗണിച്ചു. അന്നു കോടതി പറഞ്ഞത്, പ്രാതിനിധ്യത്തിനുള്ള ജനങ്ങളുടെ അവകാശം അനിശ്ചിതകാല  സസ്പെൻഷനിലൂടെ നിഷേധിക്കപ്പെടുന്നു എന്നാണ്. പാർലമെന്റിൽ പ്രതിപക്ഷ ശബ്ദങ്ങൾ ഒഴിവാക്കപ്പെടുന്നതു ഗൗരവമുള്ള കാര്യമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.  
മഹാരാഷ്ട്ര നിയമസഭയിൽനിന്ന് 12 ബിജെപി എംപിമാരെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തതിനെതിരെയുള്ള കേസിൽ കഴിഞ്ഞ വർഷം ജനുവരിയിൽ സുപ്രീം കോടതി പറഞ്ഞത്, നീണ്ടകാലത്തേക്കുള്ള സസ്പെൻഷൻ പുറത്താക്കലിനു തുല്യവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധമാണെന്നാണ്. സുപ്രധാന വിഷയങ്ങളിലുള്ള വോട്ടെടുപ്പിനെ ബാധിക്കാവുന്ന സസ്പെൻഷൻ നടപടി ജനാധിപത്യത്തിന് അപകടകരമാണ്; സസ്പെൻഷൻ ഭയന്ന് പ്രതിപക്ഷ അംഗങ്ങൾ ചർച്ചകളിൽ പങ്കെടുക്കാത്ത സാഹചര്യമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽ‍കിയിരുന്നു.

English Summary:
Supreme Court said exclusion of opposition voice is unconstitutional


Source link

Related Articles

Back to top button