INDIALATEST NEWS

പാർലമെന്റിലെ പുകയാക്രമണം: സഭയിൽ പ്രതിഷേധിച്ച 78 പ്രതിപക്ഷ എംപിമാർക്കുകൂടി സസ്പെൻഷൻ


ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധിച്ച 78 പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. ലോക്സഭയിൽ 3 പേരെയും രാജ്യസഭയിൽ 11 പേരെയും അവകാശലംഘന സമിതിയുടെ അന്വേഷണത്തിനു ശേഷമേ തിരിച്ചെടുക്കൂ. ബാക്കിയുള്ളവർക്ക് ഈ സമ്മേളനകാലാവധിയായ 22 വരെയാണു സസ്പെൻഷൻ.
∙ ലോക്സഭയിൽ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച ഡോ.കെ. ജയകുമാർ, വിജയകുമാർ വസന്ത്, അബ്ദുൽ ഖലീഖ് (മൂവരും കോൺഗ്രസ്) എന്നിവരുടെ സസ്പെൻഷനാണ് അവകാശലംഘന സമിതിക്കു വിട്ടത്.

∙ രാജ്യസഭയിൽ ജെബി മേത്തർ (കോൺഗ്രസ്), ബിനോയ് വിശ്വം, പി.സന്തോഷ് കുമാർ (സിപിഐ), ജോൺ ബ്രിട്ടാസ്, എ.എ. റഹീം (സിപിഎം) എന്നിവരടക്കം 11 പേർക്കെതിരായ നടപടി അവകാശ ലംഘന സമിതിക്കു വിട്ടു. റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്ക് അനുവദിച്ചിട്ടുള്ള 3 മാസത്തേക്കാണ് ഇവരുടെ സസ്പെൻഷൻ. 

∙ രാജ്യസഭയിൽ കെ.സി.വേണുഗോപാൽ (കോൺഗ്രസ്), വി.ശിവദാസൻ (സിപിഎം), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) എന്നിവരടക്കം 34 പേർക്കു ശീതകാല സമ്മേളനം സമാപിക്കുന്ന 22 വരെ സസ്പെൻഷൻ. 

∙ കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിൽനിന്ന് 13 പേരെയും രാജ്യസഭയിൽനിന്ന് ഒരാളെയും സസ്പെൻഡു ചെയ്തിരുന്നു. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടത് 92 പ്രതിപക്ഷ എംപിമാർ. ഇരുസഭകളിൽനിന്നും 46 പേർ വീതം.
∙ ഇന്നലെ ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെ കക്ഷി നേതാവ് ടി.ആർ.ബാലു, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ, ജെഡിയു നേതാവ് കൗശലേന്ദ്രകുമാർ എന്നിവരടക്കം 33 പേരുണ്ട്. 

∙ ഇന്നലെ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ 6 പേർ കേരളത്തിൽ നിന്നുള്ളവരാണ്. സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച് സഭയുടെ അന്തസ്സു കെടുത്തിയെന്നതാണ് ഇവരെ പുറത്താക്കാൻ കാരണമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. താക്കീതു നൽകിയിട്ടും അനുസരിച്ചില്ല. രാജ്യസഭയിൽ മന്ത്രി പീയൂഷ് ഗോയലാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്.
∙ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭ 4 തവണ തടസ്സപ്പെട്ടു. രാജ്യസഭ 3 തവണയും നിർത്തിവച്ചു. 

∙ കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട കേരള എംപിമാരടക്കം സഭാ കവാടത്തിൽ ഇന്നലെയും പ്രതിഷേധം തുടർന്നു.
∙ ഇരുസഭകളിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രസ്താവന നടത്തണമെന്ന ആവശ്യത്തിനൊപ്പം അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതെഴുതിയ പ്ലക്കാർഡുകളും ഉയർത്തി. പാർലമെന്റിൽ അതിക്രമം നടത്തിയവർക്കു പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു.

∙ 134 – ലോക്സഭയിലെ ആകെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി എംപിമാർ. ഇതിൽ 46 പേർ സസ്പെൻഷനിൽ. 
∙ 94 – രാജ്യസഭയിലെ ആകെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി എംപിമാർ. ഇതിൽ 46 പേർ സസ്പെൻഷനിൽ.

പുകയാക്രമണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹർജി
ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജഡ്ജിയെക്കൊണ്ട് സുരക്ഷാ വീഴ്ചകൾ അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ അബു സൊഹൈൽ കോടതിയെ സമീപിച്ചത്.


Source link

Related Articles

Back to top button