CINEMA

‘എന്നാ നടിപ്പ്’; ജയസൂര്യയെയും ‘ജോൺ ലൂഥർ’ സിനിമയെയും പ്രശംസിച്ച് ആർ.അശ്വിൻ

ജയസൂര്യയെയും ‘ജോൺ ലൂഥർ’ സിനിമയെയും പ്രശംസിച്ച് ക്രിക്കറ്റ് താരം ആർ.അശ്വിൻ. ‘എന്നാ നടിപ്പ്’ എന്നായിരുന്നു സിനിമയിലെ ജയസൂര്യയുടെ അഭിനയത്തെക്കുറിച്ച് അശ്വിന്റെ കമന്റ്. അതിഗംഭീര സിനിമയാണിതെന്നും ഈ അടുത്ത് താൻ കണ്ട ഏറ്റവും മികച്ച സിനിമയാണ് ജോൺ ലൂഥറെന്നും അശ്വിൻ പറഞ്ഞു. ജൊഹാനസ്ബെർഗിൽ നടക്കുന്ന ട്വന്റി ട്വന്റി സീരിസില്‍ പങ്കെടുക്കുന്നതിനു വേണ്ടി യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിൽ വച്ച് അശ്വിൻ ഈ സിനിമ കാണാൻ ഇടയായത്.
‘‘വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്നൊരു സിനിമ കണ്ടു. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു. പക്ഷേ അതിനു ശേഷം ഞാനൊരു സിനിമ കണ്ടു, ‘ജോൺ ലൂഥർ’. എന്നാ ആക്ടിങ്. ഞാൻ പറയുന്നത് ശരിയാണെങ്കിൽ ഇതേ ഹീറോ തന്നെയാണ് വസൂൽ രാജ എംബിബിഎസിൽ കമൽഹാസനൊപ്പം സാക്കിർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാ ആക്ടിങ്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒരു കഥാപാത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു, തിരക്കഥയുടെ മികവ് ഇതെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ. വിമാനത്തില്‍ ഇരിക്കുമ്പോൾ മറ്റ് ചില ജോലികളും തീർക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഫ്ലൈറ്റ് ഇന്റർനെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു. ഇതെല്ലാം റെഡിയാക്കിയ ശേഷമാണ് ജോൺ ലൂഥർ തുടങ്ങിയത്. സിനിമ തുടങ്ങിയ ശേഷം ഫോണിലും ഡയറിയിലുമൊന്നും തൊട്ടില്ല. അതുപോലെ തന്നെ ഇരുന്ന് രണ്ടരമണിക്കൂർ സിനിമയിൽ മുഴുകിയിരുന്നു.

ഈ സിനിമ കണ്ടതോടെ മലയാള സിനിമയുടെ വലിയ ആരാധകനായി മാറി. ഇതിനു മുമ്പും പല സിനിമകള്‍ കണ്ടിട്ടുണ്ട്. കലാ മാസ്റ്റർ പറയുന്നതുപോലെ ‘കിഴിച്ചിട്ടാങ്കേ’ എന്നു പറയേണ്ടി വരും. അതിഗംഭീരം. നന്നായി ആസ്വദിച്ചു. നിങ്ങളും ഈ സിനിമ തീർച്ചയായും കാണണം.’’–അശ്വിൻ പറഞ്ഞു.

ജയസൂര്യയെ നായകനാക്കി പുതുമുഖ സംവിധായകൻ അഭിജിത് ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ജോൺ ലൂഥർ. കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ സിനിമയുടെ ഛായാഗ്രാഹകൻ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബി വർഗീസ് രാജ് ആയിരുന്നു. കഥയുടെ കെട്ടുറപ്പും മേക്കിങ്ങിന്റെ മികവും ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായൊരു പൊലീസ് ഓഫിസറിലേക്കുള്ള ജയസൂര്യയുടെ പകർന്നാട്ടവുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. 

English Summary:
R Ashwin praises Jayasurya’s perfomance in John Luther movie


Source link

Related Articles

Back to top button