INDIALATEST NEWS

ലോക്സഭയിലെ പുകയാക്രമണം: ലളിത് ഝാ ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി ∙ ലോക്സഭയിലെ പുകയാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് മോഹൻ ഝായെ ഡൽഹി എൻഐഎ പ്രത്യേക കോടതി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഝായടക്കമുള്ള പ്രതികളെ പാർലമെന്റിൽ എത്തിച്ച് പുനരാവിഷ്കരണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 
ഇതേസമയം, സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ ഇരുസഭകളും ഇന്നലെ നടപടികളൊന്നുമില്ലാതെ പിരിഞ്ഞു. കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രിയാണ് ഝാ കീഴടങ്ങിയത്. ഝായെ സഹായിച്ചുവെന്നു കരുതുന്ന 2 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രതികളുടെ മൊബൈൽ ഫോണുകൾ ഇയാൾ നശിപ്പിച്ചുവെന്നും തെളിവെടുപ്പിനും മറ്റുമായി 15 ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രത്യേക ജ‍ഡ്ജി ഹർദീപ് കോർ മുമ്പാകെ പൊലീസ് ആവശ്യപ്പെട്ടത്. 

ലോക്സഭയും രാജ്യസഭയും ഇന്നലെ നടപടികളില്ലാതെ പിരിഞ്ഞു. സഭയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധി പ്രതിമയ്ക്കു മുൻപിലും പാർലമെന്റ് കവാടത്തിലും പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കു ചേർന്നു. 

ലോക്സഭ രാവിലെ ചേർന്നയുടൻ തന്നെ ഉച്ചയ്ക്കു 2 വരെ നിർത്തിവച്ചു. 2 മണിക്കു ചേർന്നപ്പോൾ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു. ഫാറൂഖ് അബ്ദുല്ല അടക്കമുള്ള മുതിർന്ന നേതാക്കൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. രാജ്യസഭയും സമാനമായ രീതിയി‍ൽ ഉച്ചയ്ക്കു 2 വരെ നിർത്തി. പിന്നീടു തിങ്കളാഴ്ച വരെ പിരി‍ഞ്ഞു. 
പേരു മാറി സസ്പെൻഷൻ പ്രഖ്യാപിക്കപ്പെട്ട ഡിഎംകെ എംപി എസ്.ആർ.പാർഥിപൻ ഇന്നലെ സഭയിലെത്തി. പകരം സസ്പെൻഡ് ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്ന ഗൗതം സിഗമണിയുടെ പേരിൽ ന‌ടപടിയുണ്ടായില്ല. ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിലും പ്രക്ഷോഭം തുടരാനാണു പ്രതിപക്ഷം ആലോചിക്കുന്നത്. 22നാണു സഭ പിരിയുന്നത്. 

English Summary:
Lok Sabha smoke attack: Lalit Jha in police custody for a week


Source link

Related Articles

Back to top button