കർദിനാൾ ബെച്ചിയുവിന് അഞ്ചര വർഷം തടവ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ഉപദേഷ്ടാവായ ഇറ്റാലിയൻ കർദിനാൾ ആഞ്ചലോ ബെച്ചിയുവിന് സാന്പത്തിക തട്ടിപ്പു കേസിൽ വത്തിക്കാൻ കോടതി അഞ്ചര വർഷത്തെ തടവുശിക്ഷ വിധിച്ചു. വത്തിക്കാനിലെ സബ്സ്റ്റിറ്റ്യൂട്ട് ഫോർ ജനറൽ അഫയേഴ്സ് പദവി വഹിച്ചിരുന്ന കർദിനാൾ ബെച്ചിയു 2014ൽ ലണ്ടനിൽ വസ്തു വാങ്ങാൻ ശ്രമിച്ചു സഭയ്ക്കു നഷ്ടമുണ്ടാക്കിയ കേസിലാണ് വിധി. ഇദ്ദേഹം സ്വന്തം രൂപതയായ സാർഡീനിയയിലേക്കു വൻ തോതിൽ പണം എത്തിച്ചതായും ഇതിൽ ഒരുഭാഗം ബന്ധുക്കൾക്കു ലഭിച്ചതായും ആരോപിക്കപ്പെട്ടു.
നിക്ഷേപകർ, അഭിഭാഷകർ, വത്തിക്കാനിലെ മുൻ ജീവനക്കാർ എന്നിവരടക്കം ഒന്പതു പ്രതികൾ കൂടി കേസിലുണ്ട്. പണം വെളുപ്പിക്കൽ, തട്ടിപ്പ്, അധികാര ദുർവിനിയോഗം മുതലായ കുറ്റങ്ങളിൽ ഇവർക്കും കോടതി പലവിധ ശിക്ഷകൾ വിധിച്ചു. കർദിനാൾ ബെച്ചിയു നിരപരാധിയാണെന്നും വിധിക്കെതിരേ അപ്പീൽ നല്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
Source link