ഷിപ്പിംഗ് കന്പനികൾ ചെങ്കടൽ ഒഴിവാക്കുന്നു
റിയാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൗതി വിമതർ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ ആഗോള ചരക്കുനീക്കത്തെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ഗ്രൂപ്പായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനി ചെങ്കടൽവഴിയുള്ള ചരക്കുനീക്കം ഉപേക്ഷിച്ചതായി അറിയിച്ചു. ജർമനിയിലെ ഹപാംഗ് ലോയ്ഡ്, ഡെന്മാർക്കിലെ മയേർസ്ക്, ഫ്രാൻസിലെ സിഎംഎ സിജിഎം എന്നീ കന്പനികളും നേരത്തേ ഇതേ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു ഷിപ്പിംഗ് കന്പനികളിൽ നാലും ചെങ്കടൽവഴി ചരക്കു കടത്ത് ഉപേക്ഷിച്ചു. ആഫ്രിക്ക ചുറ്റിയുള്ള സുദീർഘ യാത്രാണു കന്പനികൾ തെരഞ്ഞെടുത്തിരിക്കുന്നത്. ജീവനക്കാരുടെ സുരക്ഷയും ഇൻഷ്വറൻസ് ചെലവും കുറയ്ക്കാൽ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് അവർ പറയുന്നു. ഹമാസിനു പിന്തുണ പ്രഖ്യാപിച്ചാണ് ഹൗതികൾ ചെങ്കടലിൽ ആക്രമണം നടത്തുന്നത്. ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലും ആക്രമിക്കുമെന്നാണു ഹൗതികളുടെ ഭീഷണി. മിസൈലുകളും ഡ്രോണുകളുമാണു പ്രയോഗിക്കുന്നത്. ഒട്ടനവധി കപ്പലുകൾ ആക്രമണം നേരിട്ടു. ആളപായം ഉണ്ടായിട്ടില്ലെങ്കിലും കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആഗോള വാണിജ്യത്തിന്റെ പത്തു ശതമാനം വരുന്ന ഏതാണ്ട് 17,000 കപ്പലുകൾ ഓരോ വർഷവും ചെങ്കടലിലൂടെ കടന്നുപോകുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഈജിപ്തിലെ സൂയസ് കനാലിലൂടെ യൂറോപ്പിലേക്കു കടക്കുന്ന പാതയാണിത്. ഗൾഫിൽനിന്ന് യൂറോപ്പിലേക്ക് എണ്ണ കൊണ്ടുപോകുന്നതും ഇതുവഴിതന്നെ. ഇതല്ലെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ ചുറ്റിവേണം യൂറോപ്പിലെത്താൻ. യെമനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ബാബ് അൽ മണ്ഡപ് കടലിടുക്കിൽവച്ചാണു കപ്പലുകൾ ആക്രമണം നേരിടുന്നത്. ഇസ്രയേലിനു നേർക്കും ഹൗതികൾ മിസൈലുകൾ തൊടുക്കുന്നുണ്ട്.
Source link