ദോഹ: ഇടവേളയ്ക്കുശേഷം ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ഖത്തറും ഇസ്രയേലും ചർച്ച പുനരാരംഭിക്കുന്നു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയും ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബാർനിയയും തമ്മിലുള്ള കൂടിക്കാഴ്ച നോർവെ തലസ്ഥാനമായ ഒസ്ലോയിൽ ഉടൻ നടക്കുമെന്ന് അമേരിക്കയിലെ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ തടങ്കലിലുള്ള ബന്ദികളുടെ മോചനവും പകരം വെടിനിർത്തലും ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരുടെ മോചനവുമാണ് ചർച്ചാവിഷയം.
നിരവധി ചർച്ചകൾക്കൊടുവിൽ നവംബറിൽ ഒരാഴ്ച വെടിനിർത്തൽ പ്രഖ്യാപിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം 110 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. പകരമായി, ഇസ്രേലി ജയിലുകളിലെ പലസ്തീൻ തടവുകാരായ 240 സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കുകയുമുണ്ടായി. എന്നാൽ, ബന്ദികളിൽപ്പെട്ട കൂടുതൽ സ്ത്രീകളെ വിട്ടയയ്ക്കാനാകില്ലെന്നു ഹമാസ് ഉപാധി വച്ചതോടെ സമാധാനനീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇസ്രേലി സേന ഗാസയിൽ കനത്ത ആക്രമണം തുടരുകയും ചെയ്തു.
Source link